പുനലൂർ: തെൻമല പൊലീസ് സ്റ്റേഷൻ എന്ന പഴഞ്ചൻ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറാൻകാത്തിരിക്കുകയാണ് പൊലീസുകാർ. കെട്ടിടം പണിയാൻ സ്ഥലം അനുവദിച്ചിട്ടും നൂലാമാലകളിൽ കുടുങ്ങിക്കിടക്കുകയാണ് അവരുടെ സ്വപ്നം.
സർക്കാർ പാട്ട ഭൂമിയിൽ ഓടുമേഞ്ഞ പഴഞ്ചൻ കെട്ടിടത്തിലാണ് അര നൂറ്റാണ്ടായി പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. . മഴ പെയ്താൽ ചോർന്നൊലിക്കുന്ന കെട്ടിടം ഇഴജന്തുക്കളുടെ മറ്റും വിഹാര കേന്ദ്രമായി മാറിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ലോക്കപ് മുറി അടക്കം നാല് കുടുസു മുറികളിൽ നിന്നു തിരിയാൻ പോലും സ്ഥലമില്ല. വനിതാ പൊലിസുകാർ ഉൾപ്പെടെ 28 ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാൻ ആഭ്യന്തര വകുപ്പ് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. പക്ഷേ പഞ്ചായത്ത് സ്ഥലം നൽകാതെ വന്നതോടെ തുക നഷ്ടപ്പെട്ടു. സ്റ്റേഷൻെറ ദയനീയ സ്ഥിതി മനസിലാക്കിയ അധികൃതർ പിന്നീട് തെന്മല ഡാം ജംഗ്ഷനിലെ കെ.ഐ.പിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക് താത്കാലികമായി സ്റ്റേഷൻ മാറ്റി സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. പക്ഷേ തുടർ നടപടി ഉണ്ടായില്ല.
പുതിയ കെട്ടിടം പണിയാൻ പിന്നീട് സമീപത്തെ വനം വകുപ്പിന്റെ തടി ഡിപ്പോ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ നിന്ന് 95 സെന്റ് സ്ഥലം വനം വകുപ്പ് അനുവദിച്ചിരുന്നു. മൂന്ന് മാസം മുമ്പ് സ്റ്റേഷൻ ഡാം ജംഗ്ഷനിലേക്ക് താത്കാലികമായി മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും ചില രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി എത്തി. പുതിയ കെട്ടിടം പണിയുന്നതുവരെ പഴയ സ്ഥലത്ത് തന്നെ സ്റ്റേഷൻ പ്രവർത്തിക്കട്ടെയെന്നാണ് ഇവർ ആവശ്യപ്പെട്ടത്. പക്ഷേ പുതിയ കെട്ടിടം സംബന്ധിച്ച് നീക്കം നടക്കുന്നുമില്ല.