thozhilalikal
പാലക്കട സാക്ഷരതാ പഠനകേന്ദ്രത്തിലെ പഠിതാക്കളായ ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ

കൊല്ലം: ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ... ഒഡീഷക്കാരൻ സിനാ ഹസ്ത ഈണത്തിൽ പാടി, ഹരി മർമിയും തനുവും കൂടക്കൂടി. ഒരു വർഷം മുമ്പ് മഹാനവമി ദിവസം കുറിച്ച ഹരിഃശ്രീ മാത്രമല്ല മലയാളത്തിലെ അക്ഷരങ്ങളെല്ലാം അറിയാം ഈ ഇതരസംസ്ഥാന തൊഴിലാളികൾക്ക്. എഴുത്തിനിരുത്തിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് മുന്നിലാണ് മലയാളം പഠിതാക്കളായ ഇവർ കവിത ചൊല്ലിയത്.
പാലക്കടയിലെ വിജ്ഞാനവാടി സാക്ഷരതാ പഠന കേന്ദ്രത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കായി ചങ്ങാതി ഭാഷാപഠന പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്ത് ജോലിചെയ്യുന്നവരും താമസിക്കുന്നവരുമായ ഇതരസംസ്ഥാന തൊഴിലാളികളെല്ലാം മലയാള പഠനത്തിനായി ഇവിടെയുണ്ട്.
എഴുതാനും വായിക്കാനുമെല്ലാം വളരെ വേഗത്തിൽ തന്നെ പഠിച്ച തൊഴിലാളികളെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അഭിനന്ദിച്ചു. പിന്നീട് അവർക്കൊപ്പം മലയാളത്തിലെ കവിതകൾ ഏറ്റു പാടി. ഇടം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ വീടുകൾ സന്ദർശിച്ച ശേഷമാണ് മന്ത്രി പഠനകേന്ദ്രത്തിലെത്തിയത്.
മണ്ഡലത്തിന്റെ സമഗ്രവികസനത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ താഴെത്തട്ടിൽ വരെയത്തുന്നുവെന്ന് തൊഴിലാളികളുടെ ഭാഷാപഠനം വ്യക്തമാക്കുന്നതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഐക്യരാഷ്ട്രസഭാ പ്രതിനിധികളായ രാമു ദാമോദരനും സജി സി. തോമസും അഭിപ്രായപ്പെട്ടു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്. ശ്രീകുമാരി, പഞ്ചായത്ത് അംഗങ്ങളായ കെ. സോമവല്ലി, ജി. വിശ്വനാഥൻ, വി. ശോഭ, സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ സി.കെ. പ്രദീപ്കുമാർ, പ്രവർത്തകരായ ഇന്ദിര ധർമരാജ്, ജെ. ലീലാമണിഅമ്മ തുടങ്ങിയവർ പങ്കെടുത്തു.