football
മണലാടി ഏലായിൽ നടന്ന മഡ് ഫുട്ബോൾ മത്സരത്തിൽ നിന്നുള്ള കാഴ്ച.

പത്തനാപുരം : കളിക്കളമായ ചെളിക്കളത്തിലെ ഫുട്ബാൾ മത്സരം ആവേശമായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും പുന്നല കർഷകമിത്ര ക്ലസ്റ്ററിന്റെയും ആഭിമുഖ്യത്തിൽ പുന്നലയിലെ മണലാടി ഏലായിലാണ് മഡ് ഫുട്‌ബാൾ മത്സരം നടന്നത്.
വടക്കൻ കേരളത്തിൽ സർവസാധാരണമായി നടക്കുന്ന മഡ് ഫുട്‌ബാൾ തെക്കിന്റെ മേഖലയിൽ പുതുമയാണ്. നിയതമായ ഏതെങ്കിലും നിയമത്തിലല്ല ഈ കളി മുന്നോട്ടു പോകുന്നത്. എങ്കിലും ആവേശത്തിന് കുറവുണ്ടായിരുന്നില്ല. സെവൻസും ഇലവൻസും കണ്ട് ശീലിച്ച ഫുട്ബാൾ പ്രേമികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.പന്തുമായി ഓടുമ്പോൾ ചെളിയിൽ കാലുകൾ താഴ്ന്ന് കളിക്കാർ താഴെ വീഴും. വീഴ്ചയെ അതിജീവിച്ച് മുന്നേറുന്നതാണ് മഡ് ഫുട്‌​ബാളിലെ മിടുക്ക്.
ചെളിവെള്ളത്തിൽ ആഞ്ഞടിച്ചാലും പന്ത് നീങ്ങില്ലെങ്കിലും ഗോളുകൾക്ക് കുറവില്ല. പുന്നലയിലെ പ്രാദേശിക ടീമുകളുടെ പ്രദർശന മത്സരവും ഉണ്ടായിരുന്നു.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തിരഞ്ഞെടുത്ത ടീമുകളും പ്രാദേശിക ടീമുകളും തമ്മിലായിരുന്നു മൽസരം.കോഴിക്കോട്,മലപ്പുറം,വയനാട് എന്നിവിടങ്ങളിൽ നിന്ന് ഉൾപ്പെടെ
12 ടീമുകളാണ് ഉണ്ടായിരുന്നത്.ഇതിൽ എട്ടെണ്ണം പ്രാദേശിക ടീമുകളായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷികോൽസവത്തിന്റെ ഭാഗമായാണ് മത്സരം നടത്തിയത്.കന്നുപൂട്ട് മൽസരം സംഘടിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ കോടതി വിധിയെ തുടർന്ന് ഉപേക്ഷിച്ചു.മൽസരത്തിന് രജിസ്ട്രർ ചെയ്ത കന്ന് ജോടികളെ കൊണ്ട് പ്രദർശന മത്സരം മാത്രമാണ് നടത്തിയത്.