un-sangham
ഇടം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകൾ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികൾ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയോടൊപ്പം സന്ദർശിക്കുന്നു

കൊല്ലം: സുസ്ഥിര വികസന മാതൃകയായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഇടം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകൾ കാണാനും പദ്ധതിയുടെ പുരോഗതി പഠിക്കാനുമായി യുണൈറ്റഡ് നേഷൻസ് അക്കാഡമിക് ഇംപാക്ടിന്റെ പ്രതിനിധികൾ ജില്ലയിലെത്തി. പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയ്‌ക്കൊപ്പം യു.എൻ.ഐ മേധാവി രാമുദാമോദരൻ, പ്രതിനിധി സജി ചരുവിൽ തോമസ് എന്നിവരാണ് വീടുകൾ സന്ദർശിച്ചത്.
പെരിനാട് പഞ്ചായത്തിലെ പാലക്കട ജയന്തി കോളനിയിൽ ഓട്ടിസം ബാധിതനായ മകനുമൊത്ത് കഴിയുന്ന സേമൻ-ലീല ദമ്പതികൾക്ക് നിർമ്മിച്ച് നൽകിയ വീട്ടിലാണ് സംഘം ആദ്യമെത്തിയത്. ടി. കെ. എം എൻറിനിയറിംഗ് കോളേജ് വികസിപ്പിച്ച നൂതന നിർമ്മാണവിദ്യയിലൂടെ പൂർത്തിയാക്കിയ വീടാണിത്.
നിർമ്മാണവൈദഗ്ദ്ധ്യവും പദ്ധതിയുടെ പ്രവർത്തനരീതിയും യു. എൻ പ്രതിനിധികൾ വിലയിരുത്തി. തലചായ്ക്കാനൊരു വീടിന്റെ സുരക്ഷ ആവശ്യമുള്ള കുടുംബത്തിനായി നാലു ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ച് നൽകിയ ടി. കെ. എം കോളേജിന്റെ പ്രവർത്തനത്തെ സംഘം അഭിനന്ദിച്ചു. സുസ്ഥിര വികസനമാതൃക എന്ന നിലയ്ക്ക് ഇടംപദ്ധതി ആഗോളമാതൃകയാക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രളയാനന്തര പുനർനിർമ്മാണ - പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളിൽ പദ്ധതിക്ക് വലിയ സാദ്ധ്യകളാണുള്ളതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുക വഴി അതിവേഗമാണ് നിർമ്മാണം പൂർത്തിയാക്കാനാകുന്നത്. മൺറോതുരുത്തിൽ 28 ദിവസം മാത്രമെടുത്ത് വീടു നിർമ്മിക്കാനായി. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കാലതാമസം വരില്ലെന്ന ഉറപ്പാണ് ഈ പശ്ചാലത്തിൽ നൽകാനാകുന്നത്.
യു.എൻ ആസ്ഥാനത്ത് അവതരിപ്പിച്ച് അംഗീകാരം നേടിയ പ്രവർത്തനങ്ങളിൽ അതിവേഗ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. സമ്പൂർണ ഭവനനിർമ്മാണ പദ്ധതിയായ ലൈഫിന്റെ കൂടി ഭാഗമായി ഇടം പദ്ധതി മാറുമ്പോൾ എല്ലാവർക്കും വീടെന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, കയർഫെഡ് ഡയറക്ടർ എസ്.എൽ. സജികുമാർ, ടി.കെ.എം. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ എസ്. അയൂബ്, ഇടംപദ്ധതി കോ ഓർഡിനേറ്റർ വി. സുദേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, യു.എൻ.എ.ഐ സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ആസിഫ് അയൂബ് എന്നിവർ സംഘത്തെ അനുഗമിച്ചു.
മൺറോതുരുത്തിൽ പൂർത്തിയാക്കിയ വീടുകളും സംഘം സന്ദർശിച്ചു.