k-surendran

പത്തനംതിട്ട / കൊട്ടാരക്കര: ശബരിമലയിലേക്കു പോകവേ കഴിഞ്ഞ ദിവസം നിലയ്ക്കലിൽ അറസ്റ്റിലായ ബി. ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ അടച്ചു. ഇരുമുടിക്കെട്ടുമായാണ് ജയിലിൽ കഴിയുന്നത്.

സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരായ ഗുരുവായൂർ പേരകം തറയിൽ രാജൻ (45), തുലാപ്പള്ളി മടുക്കോലി സന്തോഷ് (45) എന്നിവരെയും പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ബി. ജെ. പിയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയരവേ കനത്ത പൊലീസ് കാവലിലാണ് രാവിലെ ഒൻപതു മണിയോടെ ജയിലിലെത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി അറസ്റ്റു രേഖപ്പെടുത്തി ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിച്ച സുരേന്ദ്രനെ പ്രതിഷേധക്കാരെ ഭയന്ന് പുലർച്ചെ അഞ്ചു മണിയോടെ പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് അവധിദിവസമായതിനാൽ പത്തനംതിട്ട മജിസ്ട്രേറ്റ് അത്തിക് റഹ്മാന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.രണ്ടു നേരം പ്രാർത്ഥിക്കാൻ കോടതി അനുമതി നൽകിയതായി സുരേന്ദ്രൻ പറഞ്ഞു.

ആശുപത്രിയിലും മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലും ബി.ജെ.പി പ്രവർത്തകർ തമ്പടിച്ചിരുന്നു. വൻ പൊലീസ് അകമ്പടിയിലാണ് പത്തനംതിട്ടയിൽ കൊണ്ടുവന്നത്. രാവിലെ ഏഴരയോടെ നടപടികൾ പൂർത്തിയാക്കി കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.

ഈ വിവരം അറിഞ്ഞ് നൂറുകണക്കിന് സംഘപരിവാർ പ്രവർത്തകരും ഹിന്ദു ഐക്യവേദി പ്രവർത്തകരും സബ് ജയിലിന് സമീപം നാമജപവുമായി തടിച്ചുകൂടി.സ്ഥിതിഗതികൾ നേരിടാൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. സുരേന്ദ്രനുമായി വന്ന വാഹനത്തിന് അടുത്തേക്കു പോകാൻ പൊലീസ് ആരെയും അനുവദിച്ചില്ല. നടപടികൾ അരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കി പത്തനംതിട്ട പൊലീസ് മടങ്ങി. എങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഇരുട്ടുവോളം നാമജപവുമായി അവർ ജയിലിനു മുന്നിലുണ്ടായിരുന്നു.

പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയാണെന്നും ശബരിമല ദർശനത്തിനുള്ള അവകാശം നിഷേധിച്ചെന്നും സുരേന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.ഇന്ത്യൻ ശിക്ഷാനിയമം 354, 34 വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.