പുനലൂർ:ശബരിമല നട തുറന്നതോടെ പുനലൂരിലെ ഇടത്താവളത്തിൽ അയ്യപ്പ ഭക്തരുടെ തിരക്കേറിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ അധികൃതർ നിസംഗതയിൽ. പുനലൂർ ടി.ബി.ജംഗ്ഷനിലാണ് ഇടത്താവളം. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ദിവസവം നൂറുകണക്കിന് ഭക്തരാണ് ടി.ബി.ജംഗ്ഷൻ വഴി ശബരിമലയിലേക്ക് പോകുന്നതും മടങ്ങുന്നതും. ഇവർ ഇടത്താവളമായ പുനലൂർ ടി.ബി.ജംഗ്ഷനിൽ ഇറങ്ങി വിശ്രമിച്ച്, മലഞ്ചരക്ക് സാധനങ്ങൾ അടക്കമുളളവ വാങ്ങിയ ശേഷമാണ് മടങ്ങുക. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടക, പോണ്ടിച്ചേരി, മഹാരാഷ്ട്രാ അടക്കമുളള സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരാണ് പുനലൂർ വഴി ശബരിമല ദർശനത്തിന് എത്തുന്നത്. . എന്നാൽ ഇവർക്ക് കുടിക്കാൻ ശുദ്ധജലമോ, പ്രാഥമിക സൗകര്യം നിറവേറ്റാനും, കുളിക്കാനും ആവശ്യമായ സംവിധാനങ്ങളോ പുനലൂരിൽ അധികൃതർ ഒരുക്കിയിട്ടില്ല. ഇവർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. പുനലൂരിലെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ ആഴ്ച സ്ഥലം എം.എൽ.എ.ആയ മന്ത്രി കെ.രാജുവിൻെറ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോർഡ് ജീവനക്കാരുടെയും ഭക്തജന പ്രതിനിധികളുടെയും സംയുക്തയോഗം ചേർന്നിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ പുനലൂർ ടി.ബി.ജംഗ്ഷനിലും മറ്റും എത്തുന്ന അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ അടക്കമുളള വിപുലമായ സംവിധാനങ്ങൾ ഒരുക്കിനൽകുമെന്ന് തിരുമാനിച്ച ശേഷമാണ് യോഗം പിരിഞ്ഞത്. . സാധാരണ നിലയിൽ ഇടത്താവളത്തിൽ വാഹനങ്ങളെയും മറ്റും നിയന്ത്രിക്കുന്നതിന് പൊലീസ് ഔട്ട് പോസ്റ്റ് തുറക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാതിരിക്കാൻ പ്രത്യേക പൊലിസിനെയും പോസ്റ്റു ചെയ്യാറുണ്ട്. എന്നാൽ ഇതൊന്നും നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ഇനിയും തയ്യാറാകാത്തത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.