ചാത്തന്നൂർ: മതങ്ങളുടെ ആചാരങ്ങളിൽ അനാചാരങ്ങളുണ്ടെങ്കിൽ അതിന് പരിഹാരം കാണേണ്ടത് സർക്കാരോ കോടതിയോയല്ല നവോത്ഥാന പ്രസ്ഥാനങ്ങളാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. എം.ഇ.എസ്. ജില്ലാ കമ്മിറ്റി ചാത്തന്നൂരിൽ സംഘടിപ്പിച്ച കുടുംബ സംഗമവും മെരിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടേത് ഇരട്ടത്താപ്പാണ്. ഭാരതത്തിൽ ധാരാളം സംസ്കാരങ്ങളുണ്ട്. കോടതിയെയോ, ഭരണഘടനയെയോ കാണിച്ച് ആരെയും പേടിപ്പിക്കാനാവില്ല. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും നൽകാത്ത സുരക്ഷയാണ് കോടതി വിധിയുടെ പേരിൽ ഒരു വനിതയ്ക്ക് ശബരിമലയിൽ പോകാൻ സർക്കാർ നൽകിയത്. മതങ്ങളുമായുള്ള ഒരു ഏറ്റുമുട്ടലിലേക്കാണ് സർക്കാർ പോകുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരുമായി ചർച ചെയ്തു പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ. ലബ്ബ മുഖ്യപ്രഭാഷണം നടത്തി. റിട്ട. എസ്.പി എം. വഹാബ്, ഡോ. ബി. അബ്ദുൽസലാം, പ്രൊഫ. ഡോ. എസ്. താജുദ്ദീൻ, ഡോ. എം. അബ്ദുൽസലാം, ജെ. ഖമറുസമാൻ, കണ്ണനല്ലൂർ നിസാം, എ.എ. സമദ്, ടി.എം. അൻസർ കൊട്ടുകാട് തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. ജോസഫ് ആന്റണി ക്ലാസെടുത്തു. എം. ഇബ്രാഹിംകുട്ടി, കെ.വി.എ. റഷീദ് എന്നിവർ മോഡറേറ്ററായിരുന്നു.
തുടർന്ന് ചേർന്ന മെരിറ്റ് അവാർഡ് വിതരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അവാർഡ് വിതരണം നിർവഹിച്ചു. ഷാഹുൽ ഹമീദ്, ഇബ്രാഹിംകുട്ടി, മുഹമ്മദ് ഷെരീഫ്, കുറ്റിയിൽ നിസാം, എം. മുഹമ്മദ് ഇസ്മായിൽ, കെ. ഷാജഹാൻ, എസ്.എം. മുസ്തഫ റാവുത്തർ, എ.എം. റാഫി, എം. ഷംസുദീൻ, ഇ. യൂസുഫ്‌കുഞ്ഞ്, ജെ.എം. അസ്‌ലം, എം.എ. സലിം, സി.എസ്. ബഷീർ, എം.കെ. അബ്ദുൽ അസീസ്, എം. അബ്ദുൽ റഷീദ്, എം. ഹബീബുള്ള എന്നിവർ സംസാരിച്ചു.