കുന്നത്തൂർ:ഭരണിക്കാവിലെ കൊടുംവളവിൽ കാഴ്ചമറച്ച് വളർന്നുനിൽക്കുന്ന കാട് വാഹനയാത്രികർക്ക് വിനയാകുന്നു. വണ്ടിപ്പെരിയാർ ദേശീയ പാതയിൽ മണയ്ക്കാട്ട് ജംഗ്ഷന് സമീപം കാഷ്യൂ കോർപ്പറേഷൻ ഫാക്ടറിയുടെ സ്ഥലത്താണ് കാട് വളർന്ന് റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നത്. ഇരുദിശകളിൽ നിന്നുമെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന നിലയിലാണ് ഇടതൂർന്ന് വളർന്നുനിൽക്കുന്ന കാട്. അതിനാൽ മിക്ക ദിവസവും അപകടങ്ങൾ ഉണ്ടാകുന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഗതാഗതം നിലച്ചിരുന്നു. അന്നുതന്നെ വൈകിട്ടോടെ ബൈക്ക് യാത്രികരും അപകടത്തിൽപ്പെടുകയുണ്ടായി. മുമ്പ് ഇവിടെ അപകടങ്ങളിൽ പലരും മരിച്ചിട്ടുണ്ട്.കാട് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്ന് സാമൂഹ്യ പ്രവർത്തകൻ ശൂരനാട് സുഗതൻ അറിയിച്ചു.