justice-kamal-pasha

കൊല്ലം: തന്ത്രിയും മന്ത്രിയുമല്ല കോടതിയാണ് നിയമം പ്രഖ്യാപിക്കേണ്ടതെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. പുനലൂർ ബാലൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സത്യം വിളിച്ച് പറഞ്ഞാൽ തന്റെ വീടിന് മുന്നിലും നാമജപം നടക്കുന്ന അവസ്ഥയാണിപ്പോൾ. ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അവമതിപ്പുണ്ടാകുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. അതീവ സുരക്ഷാ മേഖലയായ എയർപോർട്ടിലും കൈകൊട്ടി കളി നടത്തുകയാണ്. ഒരു മുസ്ലിം എയർപോർട്ടിൽ ഇങ്ങനെ പ്രതിഷേധിച്ചാൽ വിവരമറിയും. ഭീകരവാദിയായി ചിത്രീകരിക്കും. ജയിലിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടില്ല. നമ്മുടെ ഭരണഘടന അനുസരിക്കില്ലെന്ന് നമ്മൾ തന്നെ പ്രഖ്യാപിക്കുകയാണ്. ശബരിമല പ്രശ്നത്തിൽ സർക്കാർ ശക്തമായ നിലപാടെടുക്കണം. ആശാന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ നവോത്ഥാന കവിയായിരുന്നു പുനലൂർ ബാലനെന്നും കെമാൽ പാഷ പറഞ്ഞു.

ഫൗണ്ടേഷൻ ചെയർമാൻ ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വിഷ്ണുദേവ്, റഷീദ്, അനിത ബാലൻ, സന്ധ്യ ബാലൻ, സിന്ധു തുടങ്ങിയവർ പങ്കെടുത്തു. വി. ഹർഷകുമാർ സ്വാഗതം പറഞ്ഞു. പുനലൂർ ബാലനെക്കുറിച്ച് ഡി. സുരേഷ് കുമാർ എഴുതിയ 'ആഗ്നേയം" എന്ന കവിത സംഗതീജ്ഞൻ ടി.എസ്. ജയരാജ് ആലപിച്ചു.