കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവനും മഹാകവി കുമാരനാശാനും ഡോ. പല്പുവും ചേർന്ന ത്രിവേണി സംഗമത്തിലൂടെ ഉയർന്ന മഹത്തായ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗമെന്ന് കരുനാഗപ്പള്ളി യൂണിയൻ മുൻ സെക്രട്ടറി അഡ്വ. എസ്. ധനപാലൻ പറഞ്ഞു. ശ്രീനാരായണധർമ്മ പ്രചാരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ 'ഡോ. പല്പുവും എസ്.എൻ.ഡി.പി യോഗവും" എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സവർണാധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ വിപ്ലവകാരിയായിരുന്നു ഡോ. പല്പു. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ ഉദ്യോഗവും വിദ്യാഭ്യാസവും ലഭിക്കുന്നതിന് രാജാധികാരത്തെ പോലും അദ്ദേഹം വെല്ലുവിളിച്ചു. മനുഷ്യസ്നേഹമാണ് ഡോ. പല്പുവിനെ ശ്രീനാരായണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ കൈകളിലെ ഉപകരണം മാത്രമായിരുന്നു ഡോ. പല്പു എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യോഗം ബോർഡ് മെമ്പർ കെ.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം ഭാരവാഹികളായ കെ.ജി. അജിത്ത്കുമാർ, സനൽ, ഹരിലാൽ, ചന്ദ്രശേഖരൻ, സുരേഷ്, അനിൽകുമാർ, റോയി, മോഹനൻ, അജി എന്നിവർ പ്രസംഗിച്ചു. തുറയിൽകുന്ന് ശാഖാ സെക്രട്ടറി പി. ശിവരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറഞ്ഞു.