പത്തനാപുരം: പതിനേഴുകാരിയും പട്ടികജാതിക്കാരിയുമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അലിമുക്ക് വെട്ടിത്തിട്ട ചരുവിളവീട്ടിൽ വാസുവിന്റെ മകൻ അരുൺരാജിനെ (24) പൊലീസ് അറിസ്റ്റ് ചെയ്തു. അലിമുക്ക് സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ അരുൺരാജ് ഞായറാഴ്ച പുന്നലയിൽ കാർഷിക മേളയോടനുബന്ധിച്ച് നടന്ന മഡ് ഫുട്ബാൾ മത്സരം കാണാനെത്തിയ പെൺകുട്ടിയോട് അച്ചൻകോവിലേക്കുള്ള വഴി ചോദിച്ച ശേഷം ബലമായി ഓട്ടോയിൽ കയറ്റി വിജനമായ വനാതിർത്തിയിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ബന്ധുക്കൾ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം എസ്.ഐമാരായ പുഷ്പകുമാറിന്റെയും ജോസഫ് ലിയോണിന്റെയും നേതൃത്വത്തിൽ പത്തനാപുരം പൊലീസ് അരുൺരാജിനെ വെട്ടിത്തിട്ടയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ അരുൺരാജിന്റെ സഹായികളായ രണ്ട് പേരെ കുറിച്ചും പൊലീസ് അന്വഷിക്കുന്നുണ്ട്.
പുന്നല സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം കഴിച്ചതിനും ഇടമൺ വെള്ളിമല സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തിനു വേണ്ടി വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയതിനും പോക്സോ നിയമപ്രകാരംഅരുൺരാജിനെതിരെ നേരത്തെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.