കരുനാഗപ്പള്ളി: സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ ശബരിമലയെ കലാപഭൂമിയാക്കി മാറ്റി രാഷ്ട്രീയ നേട്ടം കൊയ്യാൻ ചിലർ നടത്തു പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
പാവുമ്പാ വടക്ക് 3280-ാം നമ്പർ ശാഖയിൽ നിർമ്മിച്ച ഗുരുക്ഷേത്രത്തിന്റെ സമർപ്പണവും ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെ ശവമലയാക്കരുത്. ശബരിമലയിൽ ഭക്തർക്ക് ശാന്തമായും ഭയാശങ്ക കൂടാതെയും അയ്യപ്പ ദർശനം നടത്താൻ അവസരം സൃഷ്ടിക്കണം. അവിടെ കാലാകാലങ്ങളായി നിലനിൽക്കുന്ന അചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. ഇതിന് സമരത്തിന്റെ മാർഗ്ഗമല്ലാതെ സമവായത്തിന്റെ മാർഗ്ഗമാണ് സ്വീകരിക്കേണ്ടത്. സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ സംസ്ഥാന സർക്കാരിന്റെ മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ല. വിധി നടപ്പാക്കിയില്ലെങ്കിൽ സർക്കാർ കോടതി അലക്ഷ്യം നേരിടേണ്ടി വരും. സർക്കാരിനെ കുറ്റം പരയേണ്ട യാതൊരു കാര്യവും ഇല്ല.
എസ്.എൻ.ഡി.പി യോഗം ഭക്തർക്കൊപ്പമാണ്. ശബരിമല അയ്യപ്പന്റെ ദയാ കടാക്ഷം കൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള മിക്ക ക്ഷേത്രങ്ങളിലും അന്തിത്തിരി കത്തുന്നത്. ശബരിമലയിലെ വരുമാനത്തിൽ കുറവ് സംഭവിച്ചാൽ അത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കും. കേരളത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈഴവരാധി പിന്നാക്ക വിഭാഗങ്ങൾക്ക് ക്ഷേത്ര ഭരണത്തിൽ വേണ്ടത്ര പ്രാതിനിദ്ധ്യം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. കേരളത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയം ശക്തിപ്രാപിച്ച് വരികയാണെന്നും വെള്ളാപ്പള്ളി തുടർന്ന് പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, യോഗം ബോർഡ് മെമ്പർ കെ.പി. രാജൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ നേതാക്കളായ ബാബു, ശശിധരൻ, രാമദാസ്, ചന്ദ്രൻ, ചിത്തരഞ്ജൻ, രാധാകൃഷ്ണൻ, അനിൽകുമാർ, രാഘവൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി പി. തുളസി സ്വാഗതവും വൈസ് പ്രസിഡന്റ് ആർ. രാജു നന്ദിയും പറഞ്ഞു.