കരുനാഗപ്പള്ളി: കേരള സമൂഹത്തിൽ മൃഗതുല്യരായി ജീവിച്ച ഈഴവരാദി പിന്നാക്ക -ദളിത് വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ധീര വിപ്ലവകാരിയായിരുന്നു ടി.കെ.മാധവനെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ ടി.പി.മന്മഥൻ പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ നടത്തിയ 'ടി.കെ.മാധവന്റെ സംഘടനാ പ്രവർത്തനം 'എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്ധ്യാത്മികതയിൽ ശ്രീനാരായണ ഗുരുദേവനും രാഷ്ട്രീയത്തിൽ മഹാത്മാഗാന്ധിയുമായിരുന്നു ടി.കെ.മാധവനെ ഏറെ സ്വാധീനിച്ചത്. അയിത്തോച്ചാടനവും ക്ഷേത്ര പ്രവേശനവും സഞ്ചാരസ്വാതന്ത്യവും കോൺഗ്രസിന്റെ മുഖ്യ അജണ്ടയായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചത് ടി.കെ.മാധവനായിരുന്നു. 1924 ൽ നടന്ന കോൺഗ്രസിന്റെ ദേശീയ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട വിഷയത്തെക്കുറിച്ച് ശ്രീനാരായണ ഗുരുദേവനും ടി.കെ.മാധവനും വൈദിക മഠത്തിൽ വച്ച് ആറ് മണിക്കൂറാണ് ചർച്ച നടത്തിയത്. ഈ ചർച്ചയിൽ ഉരുത്തുരിഞ്ഞുവന്ന ആശയങ്ങളാണ് കോൺഗ്രസിന്റെ ദേശീയസമ്മേളനത്തിൽ ടി.കെ.മാധവൻ പ്രമേയമായി അവതരിപ്പിച്ചത്. ഈ പ്രമേയങ്ങൾ കോൺഗ്രസിന്റെ മുഖ്യ അജണ്ടയായി സമ്മേളനം അംഗീകരിച്ചു. വൈക്കം സത്യഗ്രഹം ഉൾപ്പെടെ കേരളത്തിൽ നടത്തിയിട്ടുള്ള എല്ലാ ഐതിഹാസിക സമരങ്ങളും ഇതിന്റെ ഭാഗമായിരുന്നു. ആധുനിക ഇന്ത്യയു
ടെ ചരിത്രത്തിൽ ടി.കെ.മാധവന്റെ പ്രവർത്തനങ്ങൾ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ , ശാഖാ നേതാക്കളായ ബി.കമലൻ, സുധാകരൻ, അശോകൻ, രാജു തട്ടാശ്ശേരിൽ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ശശികുമാർ, കൺവീനർ സുന്ദരേശൻ, രാജേന്ദ്രൻ, ഉദയൻ, ഡോ.രാജൻ, ശിവപ്രസാദ്, ഹരിദാസൻ, സതീശൻ, സുനിൽ, മുരളീധരൻ, വിജയകുമാർ, സേതു, രാജീവൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.