al
പോത്തുകുട്ടി പരിപാലന പദ്ധതിയിൽ അഴിമതി അന്വേഷിക്കണമെന്നും പ്രസിഡൻറ് രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്തിൽ പവിത്രേശ്വരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധയോഗം കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു ചെറു പൊയ്ക ഉദ്ഘാടനം ചെയ്യുന്നു

പുത്തുർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ പോത്തുക്കുട്ടി പരിപാലന പദ്ധതിയിൽ വൻക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബി.ജെ.പി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധക്കുട്ടായ്മയും മാർച്ചും നടത്തി. അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക ക്രമക്കേടിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക ,വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

പട്ടികജാതിക്കാരുടെ സാമ്പത്തിക മുന്നേറ്റം ലക്ഷ്യംവച്ച് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കിയത്.തിരഞ്ഞെടുക്കപ്പെട്ട 10 ഗുണഭോക്താക്കൾക്ക് 9000 രൂപ നിരക്കിൽ പോത്തുകുട്ടികളെ വാങ്ങിനൽകുന്നതായിരുന്നു പദ്ധതി. എന്നാൽ ഒരു പോത്തിനെ പോലും നൽകാതെ കൃത്രിമ രേഖകൾ ചമച്ച് മുഴുവൻ തുകയും മാറിയെടുത്തെന്നാണ് ആരോപണം. വിവാദമായതോടെ ഗുണഭോക്താക്കളുടെ വീടുകളിലെത്തി പണം കൈമാറിയതായും ആരോപണമുണ്ട്

.പ്രതിഷേധ പ്രകടനത്തിനു ശേഷം പഞ്ചായത്ത് ഓഫീസ് പടിക്കൽ നടന്ന യോഗം കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു. സന്തോഷ് ചിറ്റേടം അദ്ധ്യക്ഷനായി. പുത്തൂർ ബാലൻ ,സേതു ഇടവട്ടം വിശ്വനാഥൻ, പുത്തൂർ ബാഹുലേയൻ, സുജു എസ് .എൻ പുരം ,സുരേഷ് ഇടവട്ടം, അഞ്ജലി നാഥ് ,കരിമ്പിൻപുഴ അനിൽകുമാർ, ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു ഒരാഴ്ചയ്ക്കു മുൻപ് ഇതേ വിഷയം ചൂണ്ടിക്കാട്ടി പവിത്രേശ്വരം പഞ്ചായത്തിലെ വെറ്ററിനറി സർജനെ ബി.ജെ.പി ഉപരോധിച്ചിരുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാകൃഷ്ണൻ പറഞ്ഞു . സംഭവത്തെക്കുറിച്ച് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. മൃഗസംരക്ഷ വകുപ്പാണ് പദ്ധതിയുടെ മുഴുവൻ കാര്യങ്ങളും ചെയ്തത്.പഞ്ചായത്തിന് ഇതിൽ യാതൊരു പങ്കുമില്ല. ആരോപണമുയർന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ നടപടിക്രമങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് ധന്യകൃഷ്ണൻ പറഞ്ഞു.