vaishnavv

കൊല്ലം : കളിച്ച് ചിരിച്ച് നടക്കേണ്ട പ്രായത്തിൽ മരണത്തോട് മല്ലിടുകയാണ് മൂന്നുവയസുകാരൻ വൈഷ്‌ണവ്. മാരകരോഗബാധിതനായ മകനെ രക്ഷിക്കാൻ നെട്ടോട്ടമോടേണ്ട അച്ഛൻ കെ.ബി. സുനിൽ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. ഏകമകനേയും ചേർത്തുപിടിച്ച് ചികിത്സയ്ക്ക് പണമില്ലാതെ വിധിയെ പഴിക്കുകയാണ് അമ്മ ദേവിശ്രീ.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട തൃശൂർ അടിയറ രാമവർമ്മപുരം കുന്നത്തുംകര വീട്ടിൽ കെ.ബി. സുനിലിന്റെയും ദേവിശ്രീയുടേയും മകൻ വൈഷ്‌ണവ് (3) രക്താർബുദം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ചികിത്സയ്ക്കായി 20 ലക്ഷം രൂപയോളം വേണം. രോഗം മൂർച്ഛിച്ചതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ആർ.സി.സിയിലേക്ക് റഫർ ചെയ്‌തിരിക്കയാണ്.

2007ലെ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുനിൽ ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. പരോളിലിറങ്ങിയപ്പോഴായിരുന്നു വിവാഹം. കാര്യമായ ജോലിയൊന്നും ഇല്ലാത്ത ദേവിശ്രീ ഏറെ കഷ്ടപ്പെട്ടാണ് മകനെ വളർത്തുന്നത്. മകന് രോഗം ബാധിച്ചതോടെ ദേവിശ്രീ തളർന്നു. ബന്ധുക്കളുടെ സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്. പണമില്ലാത്തതിനാൽ ചികിത്സ തുടരാനാവാത്ത സ്ഥിതിയാണ്. സുനിലിന് അടിയന്തര പരോൾ അനുവദിക്കാമെന്ന് ജയിൽ അധിക‌ൃതർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ചികിത്സയ്ക്കായി സുമനസുകളുടെ കനിവും വേണം. എസ്.ബി.ഐ തൃശൂർ ചേരൂർ ശാഖയിൽ സുനിലിന്റെ മാതാവ് വാസന്തി ബാബുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67218611881. ഐ.എഫ്.എസ്.സി കോഡ്- എസ്.ബി.ഐ.എൻ 0070207.