binu

കൊട്ടിയം (കൊല്ലം): കഴിഞ്ഞ ദിവസം രാത്രിയിൽ അയൽവീട്ടുകാർ അബോധാവസ്ഥയിൽ വീട്ടിലെത്തിച്ച യുവാവ് നേരം പുലർന്നപ്പോൾ മരിച്ച നിലയിൽ.

പറക്കുളം വയലിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെയും മണിയുടെയും മകൻ ബിനുവാണ് (34) ദുരൂഹനിലയിൽ മരിച്ചത്. അയൽവാസി വിജയകുമാറിനെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: തിങ്കളാഴ്ച രാത്രി പത്തരയോടെ അയൽവാസിയായ വിജയകുമാറിന്റെ ഭാര്യ ജയയാണ് അവരുടെ വീടിനു മുന്നിൽ ബിനു അവശനിലയിൽ കിടക്കുന്നത് കണ്ടത്. ബിനുവിന്റെ വീട്ടുകാരെ ജയ വിവരം അറിയിച്ചെങ്കിലും ആരും വന്നില്ല. ജയയും ഭർത്താവും ബിനുവിനെ അയാളുടെ വീട്ടിൽ കൊണ്ടു കിടത്തി. ഇന്നലെ രാവിലെയായിട്ടും അനക്കമില്ലാതെ കിടക്കുന്നതുകണ്ട് വീട്ടുകാർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചെന്ന് ബോദ്ധ്യമായത്. പൊലീസ് വിജയകുമാറിനെ ചോദ്യം ചെയ്തപ്പോൾ, വീടിനു മുന്നിൽ തലയിൽനിന്ന് ചോര വാർന്നു കിടന്ന ബിനുവിനെ താനും ഭാര്യയും എടുത്ത് അയാളുടെ വീട്ടിൽ കൊണ്ടു കിടത്തിയെന്ന് പറഞ്ഞു. ബിനുവിന്റെ തലയുടെ പിൻഭാഗത്ത് മുറിവുണ്ട്. വീണു കിടന്ന സ്ഥലത്ത് രക്തക്കറയും കണ്ടെത്തി.

മനോരോഗത്തിന് ചികിത്സയിൽ കഴിയുന്ന വിജയകുമാർ സ്വന്തം വീടിന് മുന്നിലെ മതിലിലൂടെ വൈദ്യുതി കടത്തിവിടാറുണ്ടെന്നും ബിനു മദ്യപിച്ച് അടിക്കടി ആ വീട്ടിലെത്തി ബഹളം വയ്ക്കാറുണ്ടെന്നും പറയപ്പെടുന്നു. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്തെ തെളിവ് ശേഖരിച്ചു. കൊട്ടിയം എസ്.ഐ അജയ് നാഥ്, ക്രൈം എസ്.ഐ തൃദീപ് ചന്ദ്രൻ, എ.എസ്.ഐ അഷ്ടമൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്​റ്റ് തയ്യാറാക്കി. മൃതദേഹം പോസ്​റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാ​റ്റി. അവിവാഹിതനായ ബിനു മരപ്പണിക്കാരനാണ്.