photo
നിഥിൻഷായുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നു

അഞ്ചാലുംമൂട്: നബിദിന ആഘോഷങ്ങൾക്കിടെയുണ്ടായ നിഥിൻഷായുടെ അകാലവിയോഗം

നാടിന് നൊമ്പരമായി. രാവിലെ മുതൽ ആഘോഷങ്ങളിൽ സജീവമായിരുന്നു നിഥിൻഷാ. കൊടിതോരണങ്ങൾ കെട്ടാനും മറ്റുമൊക്കെ സജീവമായി തലേദിനങ്ങളിലുമുണ്ടായിരുന്നു. ഉച്ചകഴി‌ഞ്ഞ് വീട്ടിലേക്ക് മടങ്ങിയെങ്കിലും റാലിയിൽ പങ്കെടുക്കാൻ പെട്ടെന്ന് എത്താമെന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നു.

ഇത്രപെട്ടെന്ന് അവൻ തിരിച്ചുവരാത്തിടത്തേക്ക് പോയെന്നത് വിശ്വസിക്കാൻ പാടുപെടുകയാണ് കൂട്ടുകാരെല്ലാം. കാവനാട് മൂലക്കര മൂലക്കരപടിഞ്ഞാറ്റതിൽ നിയാസിന്റെ മകൻ നിഥിൻഷാ(16) മരിച്ച വിവരം നാടൊട്ടുക്ക് പരന്നതോടെ നബിദിന ആഘോഷങ്ങളും മുടങ്ങി. വൈകിട്ട് 4 മണിയോടെയാണ് നിഥിൻഷായെ വീട്ടിലെ കിണറ്റിൻകരയിൽ അവശനിലയിൽ കണ്ടെത്തിയതും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചതും.

പിതാവ് നിയാസ് ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. ഇന്നലെ ബസിന് ട്രിപ്പുണ്ടായിരുന്നു. തൃശൂരിലെത്തിയപ്പോഴാണ് മകന്റെ വിയോഗ വാർത്ത നിയാസിനെ അറിയിച്ചത്. വാപ്പയെത്തിയിട്ട് നബിദിന ആഘോഷം കൂടുതൽ മെച്ചമാക്കാനിരുന്ന കുടുംബത്തിലേക്ക് അപ്രതീക്ഷിത ഞെട്ടലുളവാക്കി നിഥിൻഷായുടെ മരണം. കുണ്ടറ കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായ നിഥിൻഷാ നാട്ടിലെ പൊതുപരിപാടികളിലെല്ലാം ചെറുപ്രായത്തിലേ സജീവമായിരുന്നു. മരണവാർത്തയറിഞ്ഞ് നാടൊന്നടങ്കം ആശുപത്രിയിലേക്കോടിയെത്തുകയായിരുന്നു. അനിയത്തി ഫാത്തിമയെയും ഉമ്മച്ചി ഷൈലയെയും ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കൾ.