photo
പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ യുവകലാ സാഹിതി -വനിതകലാ സാഹിതിയുടെ നേതൃത്വത്തിൽ നടത്തിയ സാംസ്കാരിക സംഗമം

അഞ്ചാലുംമൂട്: പാട്ടും കവിതയും കഥപറച്ചിലുമൊക്കെയായി പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ ഒരു ദിനം. യുവകലാ സാഹിതിയും വനിതകലാ സാഹിയും ചേർന്ന് സംഘടിപ്പിച്ച സാംസ്കാരിക സംഗമം വേറിട്ട അനുഭവമായി മാറി. രാവിലെ കൊല്ലം ബോട്ട്ജെട്ടിയിൽ നിന്നാണ് കവികളും സാംസ്കാരിക പ്രവർത്തകരുമടങ്ങുന്ന സംഘം സാമ്പ്രാണിക്കോടിയിലേക്ക് പുറപ്പെട്ടത്. ബോട്ട് യാത്രയിൽത്തന്നെ കലാപരിപാടികൾക്ക് തുടക്കമിട്ടു. സാമ്പ്രാണിക്കോടിയിലെത്തിയ സംഘത്തെ ടൂറിസം വകുപ്പിന്റെ കായൽതീരം റസ്റ്റോറന്റ് പ്രവർത്തകർ സ്വീകരിച്ചു.

കായലോരത്തായി വട്ടമിട്ടിരുന്ന് പിന്നെ കവിതകളുടെ ചെപ്പ് തുറന്നു. കഥ പറച്ചിലും അനുഭവങ്ങൾ പങ്കുവച്ചും നാടൻപാട്ടുമൊക്കെയായി പരിപാടി രസംപിടിച്ചപ്പോൾ കാഴ്ചക്കാരുമേറി. ബോട്ട് സവാരിക്കിറങ്ങിയവരും ചുറ്റുംകൂടി. വർത്തമാനകാല സംഭവങ്ങളും നാടിന്റെ കൈവിട്ട പോക്കുമൊക്കെ ചർച്ചയ്ക്കുമെടുത്തു. വനിതകലാ സാഹിതി ജില്ലാ പ്രസിഡന്റ് ഡോ. മായാ ഗോവിന്ദരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി പി. ഉഷാകുമാരി, കൊല്ലം മധു, കോട്ടാത്തല ശ്രീകുമാർ, ജയകുമാർ, ജനാർദ്ദനൻ ആചാരി, സദാശിവൻ എന്നിവർ സംസാരിച്ചു. ടി.വി. സാഹിതി, ഇന്ദുലേഖ, പ്രഭാകുമാരി, ആശ്രാമം ഓമനക്കുട്ടൻ, ലളിത സദാശിവൻ മരുതമൺപള്ളി, പ്രഭാകുമാരി കുളക്കട, പൊന്നി തെന്മല, ചിത്ര, വിജയൻ ചന്ദനമാല, വിലാസിനി എന്നിവർ കവിതകൾ അവതരിപ്പിച്ചു. രാജുകൃഷ്ണൻ, കല്ലുവാതുക്കൽ വിജയൻ എന്നിവർ കഥകൾ അവതരിപ്പിച്ചു. വൈകിട്ടോടെയായിരുന്നു ബോട്ടിൽ സംഘത്തിന്റെ മടക്കയാത്ര. യുവമേള പബ്ളിക്കേഷൻസ് പുനഃപ്രസിദ്ധീകരിച്ച കെ.സി.കേശവപിള്ളയുടെ 'ആസന്നമരണ ചിന്താശതകം' എന്ന പുസ്തകം കവി ബാബു പാക്കനാട് ഡോ.മായാ ഗോവിന്ദരാജിന് നൽകി പ്രകാശനം ചെയ്തു.