കൊല്ലം : മണ്ണിനെ പൊന്നാക്കിയ സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ദിവസം ഉത്സവാവേശത്തിലായിരുന്നു. സ്കൂളിൽ അവർ നടത്തിയ കൃഷിയുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ആഹ്ളാദത്തിലായിരുന്നു അവർ.
വെട്ടിക്കവല കൃഷിഭവൻ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് എന്നിവയുടെ സാങ്കേതിക സഹായത്തോടെ ഒരേക്കറോളം വരുന്ന തരിശുഭൂമിയിൽ കുട്ടികൾ വിവിധകാർഷിക വിളകളാണ് നട്ടത്. ചേന, കാച്ചിൽ, ചേമ്പ്, ഇഞ്ചി, ചീനി, മഞ്ഞൾ , പയർ, തക്കാളി, വെണ്ട, വഴുതനങ്ങ, പച്ചമുളക്, ചീര, കാബേജ്, കോളിഫ്ളവർ എന്നിവയുടെയും വിളവെടുപ്പാണ് നടന്നത്. ഇവയെല്ലാം ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു.കിഴങ്ങുവർഗങ്ങൾ കരുതൽ പദ്ധതിയിലേക്കും മാറ്റിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ വിഭവങ്ങളാണ് ലഭ്യമായത്.
വിളവെടുപ്പ് മഹോത്സവം ജില്ല പഞ്ചായത്തംഗം സരോജിനി ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഷീജ സേതുനാഥ്, പ്രിൻസിപ്പൽ പി.ഐ.റോസമ്മ, ഹെഡ്മാസ്റ്റർ കെ.രാജൻ, വെട്ടിക്കവല കൃഷി ഓഫീസർ എൻ.ടി.സോണിയ, ഉമ്മന്നൂർ കൃഷി ഓഫീസർ നസിയ ഷെറീഫ്, കൃഷി അസിസ്റ്റന്റ് പി.ഓമനക്കുട്ടി, പിടിഎ വൈസ് പ്രസിഡന്റ് ടി.എസ്.ജയചന്ദ്രൻ, എസ്.എം.സി ചെയർമാൻ ഷാജി ചെമ്പകശ്ശേരി, കൺവീനർ ബി.മോഹൻലാൽ, അദ്ധ്യാപകരായ സാബു ജോൺ, കെ.ഒ.രാജുക്കുട്ടി, ബി.സുരാജ്, ജി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. വിളവെടുത്ത കാർഷിക വിഭവങ്ങളുടെ പ്രദർശനവും നടന്നു.കരനെൽ കൃഷി, ചോളം കൃഷി എന്നിവയും സ്കൂളിലുണ്ട്.