ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്കും വൃക്ഷങ്ങൾക്കുമുൾപ്പെടെ വില നിശ്ചയിച്ചു
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കമ്മിറ്റി ഉടൻ യോഗം ചേരും
01. ശിലാസ്ഥാപനം 2010ൽ
02. കിഫ്ബി ഫണ്ട്: 41.22 കോടി
03. പാലത്തിന്റെ നീളം: 408 മീറ്റർ
04. അപ്പ്രോച്ച് റോഡിന് 1 ഏക്കർ ഭൂമി
05. റോഡിന് നീളം: 370 മീറ്റർ
06. ഭൂമിവിട്ടുനൽകേണ്ടത്: 44 പേർ
അഞ്ചാലുംമൂട്: അഷ്ടമുടിക്കായലിന് കുറുകെയുള്ള പേഴുംതുരുത്ത്- പെരുമൺ പാലത്തിന്റെ സാങ്കേതിക അനുമതിക്ക് പ്രൊപ്പോസൽ നൽകി. സംസ്ഥാന തലത്തിലുള്ള ടെക്നിക്കൽ സാംഗ്ഷൻ കമ്മിറ്റി യോഗം ചേർന്നാണ് അനുമതി നൽകുക. ഇത് ലഭിച്ചെങ്കിൽ മാത്രമേ ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയൂ. 41.22 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. ഒക്ടോബർ അവസാനവാരത്തിൽ കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചിരുന്നു. പനയം- മൺറോത്തുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 408 മീറ്റർ നീളമുണ്ടാകും. പാലം യാഥാർത്ഥ്യമാകുന്നത് കാത്ത് വലിയ പ്രതീക്ഷയിലാണ് നാട്ടുകാർ.
പാലം നിർമ്മിക്കുന്നതിനൊപ്പം അപ്രോച്ച് റോഡും നിർമ്മിക്കേണ്ടതായുണ്ട്. പനയം- മൺറോത്തുരുത്ത് വില്ലേജുകളിലായി 370 മീറ്റർ നീളത്തിൽ ഒരേക്കർ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. 44 ഭൂവുടമകളിൽ നിന്നായി ഭൂമി ഏറ്റെടുക്കുന്നതിന് നേരത്തേതന്നെ ധാരണയായി. വില സംബന്ധിച്ച് ധാരണയായിരുന്നെങ്കിലും ഇതിലുള്ള കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്ക് വില നിശ്ചയിക്കുന്ന കാര്യത്തിൽ താമസം നേരിട്ടു. വനം വകുപ്പിന്റെ നേതൃത്വത്തിലാണ് വൃക്ഷങ്ങൾക്ക് വില നിശ്ചയിക്കേണ്ടിയിരുന്നത്. വൃക്ഷങ്ങൾക്കും കെട്ടിടങ്ങൾക്കും വില നിശ്ചയിക്കുന്ന നടപടികൾ ഇന്നലെ പൂർത്തിയായി. ഇനി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കമ്മിറ്റി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ഭൂമി വിട്ടുനൽകുന്നവർക്ക് വില നൽകി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയെങ്കിൽ മാത്രമേ ടെണ്ടർ നടപടികൾ ആരംഭിക്കാൻ കഴിയൂ.
ടെണ്ടർ നടപടികൾ വൈകും
പാലം നിർമ്മാണത്തിന് സാമ്പത്തിക അനുമതിയായിട്ടുണ്ടെങ്കിലും സാങ്കേതിക അനുമതിയും ഭൂമി ഏറ്റെടുക്കൽ ജോലികളും പൂർത്തിയായെങ്കിൽ മാത്രമേ ടെണ്ടർ നടപടികൾ തുടങ്ങുകയുള്ളു. രണ്ട് മാസമെങ്കിലും ഇക്കാര്യത്തിനായി എടുക്കുമെന്നാണ് കരുതുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് നിർമ്മാണ ജോലികൾ തുടങ്ങിവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പദ്ധതി പിന്നെയും നീളും.
വാർത്ത വഴിത്തിരിവിലേക്ക്
എം.മുകേഷ് എം.എൽ.എയുടെ ശ്രമഫലമായിട്ടാണ് പാലം നിർമ്മിക്കാൻ തുക അനുവദിച്ചത്. എന്നാൽ നടപടിക്രമങ്ങൾ നീണ്ടുപോയപ്പോൾ ഈ മാസം 7ന് 'പേഴുംതുരുത്ത്- പെരുമൺ പാലം പരിധിക്ക് പുറത്ത്' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായതും നടപടികൾക്ക് വേഗത കൈവന്നതും.