കൊല്ലം: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ജില്ലയിലെ 17 ഫാക്ടറി വളപ്പുകളിൽ ആരംഭിച്ച കാർഷിക പദ്ധതിയായ സുഫലം 2018 ന്റെ ഭാഗമായുള്ള ആദ്യ വിളവെടുപ്പിന് കോർപ്പറേഷന്റെ കൊട്ടിയം ഫാക്ടറിയിൽ തുടക്കമായി. തൊഴിലാളികളാണ് ആദ്യഘട്ടത്തിൽ വിളവെടുപ്പ് നടത്തിയത്.
ഫാക്ടറി വളപ്പുകളിലെ 40 ഏക്കർ സ്ഥലത്താണ് ഭക്ഷ്യവിള കൃഷികൾ പുരോഗമിക്കുന്നത്. ഇതിൽ 22 ഏക്കറിൽ പച്ചക്കറിയും 10 ഏക്കറിൽ വാഴയും 8 ഏക്കറിൽ മരച്ചീനിയുമാണ് കൃഷി ചെയ്തത്. മാർച്ച്, ഏപ്രിൽ മാസത്തോടെ രണ്ട് വിളകളായി 100 ടൺ ജൈവ പച്ചക്കറിയും ആഗസ്റ്റോടെ 60 ടൺ വാഴക്കുലയും 30 ടൺ മരച്ചീനിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു.