training-for-students-
വിദ്യാർത്ഥികൾക്കായി കൊല്ലം സെന്റ് ജോസഫ് സ്കൂളിൽ നടത്തിയ ദുരന്ത നിവാരണ പരിശീലനം മേയർ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേർപ്പെടാൻ വിദ്യാർത്ഥികലെ സജ്ജരാക്കാൻ നഗരസഭ.

അമൃത് നഗരം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിദ്യാർത്ഥികളുടെ സേനയിൽ നഗരസഭാ പരിധിയിലുള്ള സ്കൂളിലെ 100 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ഘട്ടത്തിൽ നഗരത്തിലെ അഞ്ച് സ്കൂളുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ദുരന്ത മേഖലകളിലും അപകട സ്ഥലങ്ങളിലുമുള്ള രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ തുടങ്ങിയവയിലാണ് പരിശീലിപ്പിക്കുന്നത്.

മോക് ഡ്രില്ലിലൂടെ പ്രായോഗിക പരിശീലനത്തിനുള്ള അവസരവുമൊരുക്കും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി സ്കൂൾ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത് കൊല്ലം നഗരസഭയാണ്. കൊല്ലം ഗവ.മോഡൽ ബോയ്സ്, ഗവ.ഗേൾസ് എച്ച്.എസ്, ക്രേവൻ, വിമലഹൃദയ, സെന്റ് ജോസഫ് എന്നീ സ്കൂളുകളെയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്.

സെന്റ് ജോസഫ് സ്കൂളിൽ നടത്തിയ പരിശീലന പരിപാടി മേയർ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി വി.ആർ. രാജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, ഫയർ ഓഫീസർ ബി. സുരേഷ് കുമാർ, ദുരന്ത നിവാരണ കൺസൾട്ടന്റ് നീതു തോമസ്, സന്തോഷ്, സജി കെ. ജോർജ് എന്നിവർ സംസാരിച്ചു.