കുണ്ടറ: നാലര വർഷത്തെ കേന്ദ്രഭരണത്തിൽ നേട്ടങ്ങളൊന്നും ഇല്ലാതെ വന്നപ്പോഴാണ് ബി.ജെ.പി വർഗീയത വളർത്താൻ ശബരിമലയെ ആയുധമാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ പറഞ്ഞു. സി.പി.എം കുണ്ടറ നിയോജക മണ്ഡലത്തിൽ ആരംഭിച്ച ജനമുന്നേറ്റ ജാഥ കേരളപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും നവോത്ഥാന നായകരുടെയും നിരന്തര പരിശ്രമമാണ് ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയിലേക്കുയർത്തിയത്. എന്നാലിപ്പോൾ ശബരിമലയുടെ പേരിൽ ഒരുകൂട്ടം ക്രിമിനലുകൾ പ്രളയത്തെ അതിജീവിച്ച് നടത്തുന്ന നവകേരള സൃഷ്ടിക്ക് തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.എസ്. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സുഗുണൻ, ജാഥാ ക്യാപ്ടൻ എസ്.എൽ. സജികുമാർ, ജാഥാ മാനേജർ എൻ. സന്തോഷ്, ബി. ബൈജു എന്നിവർ സംസാരിച്ചു.