കൊട്ടിയം: വഴിയിൽ നിന്നും കിട്ടിയ ഒരു ലക്ഷം രൂപ അവകാശിക്ക് തിരികെ നൽകി വൃദ്ധനായ കർഷകൻ മാതൃകയായി. നടുവിലക്കര ശ്യാം സദനത്തിൽ ഗോപിനാഥൻപിള്ള(79)യാണ് മേവറം ആരിഫ്സിൽ പ്രവാസിയായ അബ്ദുൽ ഖാദറിന്റെ പണം കൊട്ടിയം പൊലീസ് സ്റ്റേഷനിൽ വച്ച് കൈമാറിയത്. ഇക്കഴിഞ്ഞ 20ന് രാവിലെ പതിനൊന്ന് മണിയോടെ പണയം എടുക്കുന്നതിനായി മയ്യനാട് ആർ.സി ബാങ്കിലേക്ക് പോകുമ്പോഴാണ് അബ്ദുൽ ഖാദറിന്റെ പക്കൽ നിന്ന് പണം നഷ്ടപ്പെട്ടത്. പെൻഷൻ വാങ്ങാൻ പോയ ഗോപിനാഥൻപിള്ളക്ക് അമ്പതിനായിരം രൂപയുടെ രണ്ട് കെട്ടുകൾ അടങ്ങിയ പൊതി ബാങ്കിന് സമീപത്തു നിന്ന് ലഭിക്കുകയായിരുന്നു.
അവകാശിയെ കാത്ത് ഏറെ നേരം നിന്നിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇദ്ദേഹം പണവുമായി വീട്ടിലെത്തുകയും തുടർന്ന് കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ അനൂപിനെ പണം ഏൽപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട അബ്ദുൽ ഖാദർ ഇതിനോടകം തന്നെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരെയും എസ്.ഐ വിളിച്ചു വരുത്തുകയും ഗോപിനാഥൻ പിള്ളയുടെ കൈ കൊണ്ടു തന്നെ അബ്ദുൽ ഖാദറിന് പണം കൈമാറുകയുമായിരുന്നു.