കൊല്ലം: ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിനായി വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന പ്രബോധം ബാലയുക്തി കൂട്ടായ്മയുടെ സ്കൂൾതല രൂപീകരണത്തിന് മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ യൂണിറ്റുകൾക്ക് നേതൃത്വം നൽകേണ്ട വിദ്യാർത്ഥികൾക്കായി നടത്തിയ ശില്പശാല മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
ബാലാവകാശ നിയമങ്ങൾ, ലഹരി ദുരുപയോഗത്തിനെതിരെയുള്ള നടപടികൾ, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ജാഗ്രത, പ്രസംഗം, നാടകം, തനതുകലകൾ വഴിയുള്ള ആശയപ്രചാരണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.
ബിഷപ്പ് ജെറോം നഗറിലെ ജിമാക്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം സി.ജെ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ടി. കോമളകുമാരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ എസ്. ഗീതാകുമാരി, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജി. മുരളീധരൻനായർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ സിജു ബെൻ, പ്രൊട്ടക്ഷൻ ഓഫീസർ എസ്. ദീപക് തുടങ്ങിയവർ സംസാരിച്ചു.
സനിൽ വെള്ളിമൺ, എൻ. നൗഫൽ, അജിത്ത് പ്ലാക്കാട്, വാട്സൺ വില്യംസ്, ഡോ. അബു ചെറിയാൻ എന്നിവർ ക്ലാസ് നയിച്ചു. ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.