ഓച്ചിറ: പരബ്രഹ്മക്ഷേത്ര ആഡിറ്റോറിയത്തിൽ നൃത്തം അവസാനിച്ചപ്പോൾ നിലയ്ക്കാത്ത കൈയടിയോടുകൂടിയാണ് സദസ് ചിപ്പിയെ ആശിർവദിച്ചത്. പത്ത് വയസ് മാത്രം പ്രായമുള്ള അവൾ നൃത്തമാടുന്നത് ആരുമായും മത്സരിക്കാനോ ഗ്രേസ് മാർക്കിനോ വേണ്ടിയല്ല. സംഭാവനയായി കിട്ടുന്ന ചില്ലിത്തുട്ടുകൾ നിർദ്ധനരായ രോഗികളുടെ ചികിൽസയ്ക്കു വേണ്ടിയാണ് ചിപ്പി മാറ്റിവയ്ക്കുന്നത്.
ചിപ്പി നൂറ്റിനാൽപ്പത്തിനാലാമത് നൃത്തവേദിയാണ് പിന്നിട്ടത്. ഇത്തവണ കാണികളിൽ നിന്നു ലഭിച്ച തുക സംഭാവനയായി നൽകിയത് ഇരുവൃക്കകളും തകരാറിലായി വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്ന ഓച്ചിറ മേമന തുണ്ടുപറമ്പിൽ ശ്രീലക്ഷ്മിക്കാണ്. ജീവകാരുണ്യ പ്രവർത്തകൻ അബ്ബാമോഹൻ ശ്രീലക്ഷ്മി ചികിത്സാസഹായ നിധി ഭാരവാഹികൾക്ക് തുക കൈമാറി.
കായംകുളം ബിഷപ്മൂർ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയായചിപ്പിയെ നൃത്തച്ചുവടുകൾ അഭ്യസിപ്പിച്ചത് കെ.എസ് പുരം സാവിത്രി രാമചന്ദ്രനാണ്. കരുനാഗപ്പള്ളി വാണീശ്വരി സ്കൂൾ ഒഫ് ഡാൻസിൽ പഠനം തുടരുന്നു. വള്ളികുന്നം കന്നിമേൽ സ്വദേശിനിയാണ്. മൂന്നര വയസിൽ നൃത്തമഭ്യസിക്കാൻ തുടങ്ങിയ ചിപ്പി 2014 മേയ് 12ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര നടയിലാണ് അരങ്ങേറ്റം കുറിച്ചത്. ആട്ടോറിക്ഷാ ഡ്രൈവറാണ് പിതാവ് പ്രദീപ്.