ഓയൂർ: കേരളത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും ആളെക്കൂട്ടിക്കൊടുക്കുന്ന പണിയാണ് ശബരിമലയിൽ കോൺഗ്രസ് നടത്തുന്നതെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. സി.പി.എം ചടയമംഗലം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓയൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണമെങ്കിൽ ഒരു ലക്ഷം യുവതികളെ കെട്ടും കെട്ടിച്ച് മലചവിട്ടിക്കാൻ കെൽപ്പുള്ള പാർട്ടിയാണ് സി. പി.എം . എന്നാൽ അതല്ല എൽ.ഡി.എഫ് സർക്കാരിന്റെ നയം സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. യുവതികൾ കയറിയാൽ ഒലിച്ചുപോകുന്നതല്ല അയ്യപ്പന്റെ ബ്രഹ്മചര്യം. കയറിയില്ലെങ്കിൽ മാത്രമേ അയ്യപ്പൻ കോപിക്കൂ .ഇന്ത്യൻ ഭരണ ഘടനയ്ക്കും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിനും ഈ രാജ്യത്ത് നിലനിനിൽക്കുന്ന നിയമവ്യവസ്ഥയ്ക്കും മുകളിലല്ല മതവിശ്വാസവും ആചാര അനുഷ്ഠാനങ്ങളെന്നും മന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി സുദേവൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.രാജേന്ദ്രൻ, രാജപ്പൻനായർ, പി.കെ.ബാലചന്ദ്രൻ, കരിങ്ങന്നൂർ മുരളി, ഏരിയാകമ്മിറ്റി സെക്രട്ടറി എ.എം.ബഷീർ, ദിലീപ്, പി.ആനന്ദൻ, എം.അൻസർ എന്നിവർ സംസാരിച്ചു.