പുനലൂർ: പുനലൂരിൽ വീണ്ടും കുന്നിടിക്കലും മണ്ണ് കടത്തും വ്യാപകമായി. പുനലൂർ എം.എൽ.എ.റോഡിന് സമീപം കഴിഞ്ഞ ദിവസം കുന്നിടിച്ച് നിരപ്പാക്കിയത് പുനലൂരിലെ ആർ.ഡി.ഒ. ബി.ശശികുമാറിന്റെ നിർദ്ദേശത്തെ തുടന്ന് റവന്യൂ സംഘം എത്തി നിറുത്തി വയ്പ്പിച്ചു. തറ നിരപ്പാക്കുന്നതിന് വേണ്ടി മണ്ണ് നിരത്താൻ ലാന്റ് റവന്യൂ വകുപ്പിൽ നിന്ന് അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ വ്യാപകമായി കുന്നിടിച്ച് നിരത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പ് അനുമതിയില്ലാതെ ഇവിടെ കുന്നിടിച്ച് നിരത്തിയത് ഉദ്യോഗസ്ഥർ എത്തി നിറുത്തിവയ്പ്പിച്ചിരുന്നു. തുടർന്നാണ് തറ നിരപ്പാക്കാൻ ലഭിച്ച അനുമതിയുടെ മറവിൽ ജെ.സി.ബികൾ ഉപയോഗിച്ച് വ്യാപകമായി കുന്നിടിച്ച് നിരത്തിയത്. സംഭവം അറിഞ്ഞ് റവന്യൂ വകുപ്പിലെ വിജിലൻസ് സംഘവും സ്ഥലം സന്ദർശിച്ചു. എം.എൽ.എ.റോഡിന് പുറമെ ദേശീയ പാതയോരത്തെ വാളക്കോട്, വെട്ടിപ്പുഴ, ചെമ്മന്തൂർ, പുനലൂർ-ഐക്കരക്കോണം റോഡിന് സമീപം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ അനധികൃതമായി കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകമായി മാറിയിരുന്നു. ഇതൊല്ലം ഉദ്യോഗസ്ഥർ എത്തി നിറുത്തിവയ്പ്പിച്ചെങ്കിലും അനധികൃത കുന്നിടിക്കലും, മണ്ണ് കടത്തലും പുനലൂർ താലൂക്കിൽ വ്യാപകമായി മാറുകയാണ്..