പത്തനാപുരം: ശബരിമല തീർത്ഥാടന കാലത്ത് ഭക്തർ ആശ്രയിക്കുന്ന അലിമുക്ക് - അച്ചൻകോവിൽ കാനനപാത തകർന്ന് തരിപ്പണമായി. അച്ചൻകോവിൽ അയ്യപ്പക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയാണിത്. മണ്ഡലകാലമായിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിന്റെ തകർച്ച കാരണം കിലോമീറ്ററുകൾ താണ്ടി ചെങ്കോട്ട വഴിയാണ് ഇപ്പോൾ ഭക്തർ അച്ചൻകോവിൽ ക്ഷേത്രത്തിലെത്തുന്നത്. ഈ റോഡിനോട് ചേർന്ന് അഞ്ഞൂറിലധികം ആദിവാസി കുടുംബങ്ങളുണ്ട്. ആർക്കെങ്കിലും രോഗം വന്നാൽ ആശുപത്രിയിലെത്തിക്കാൻ റോഡിന്റെ തകർച്ച മൂലം വാഹനം ലഭിക്കാറില്ല. ഇതുവഴിയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തലാക്കിയതും നിലവിലുള്ള ബസ് ട്രിപ്പ് മുടക്കുന്നതും വിദ്യാർത്ഥികളെയും തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുന്നു. കാനനപാതയിൽ കാട്ടുമൃഗശല്യമുള്ള സ്ഥലങ്ങളിൽ റോഡിന്റെ തകർച്ച കാരണം വാഹനങ്ങൾ കേടാകുന്നത് പതിവാണ്. മിക്ക സ്ഥലത്തും മൊബൈൽ കവറേജും ലഭ്യമല്ല. കോട്ടക്കയം മുതൽ ചെരുപ്പിട്ട കാവ് ഭാഗംവരെ റോഡ് പൂർണമായി തകർന്ന് കാൽനട പോലും പ്രയാസമാണ്. കടമ്പുപാറ.തൊടികണ്ടം.മൂഴി.കച്ചിറഭാഗം.ആവണിപ്പാറ. വളയം.ചണ്ണയ്ക്കാമൺ തുടങ്ങിയ ഭാഗങ്ങളിൽ റോഡിലെ വലിയ കുഴികളിൽ ചെളിയും വെള്ളവും കെട്ടിനിന്ന് അപകടസ്ഥിതിയിലാണ്. വനം വകുപ്പിന്റെയും ഫാമിംഗ് കോർപ്പറേഷന്റെയും പഞ്ചായത്തുകളുടെയും പരിധിയിലാണ് റോഡ് . പിറവന്തൂർ.ആര്യങ്കാവ് പഞ്ചായത്തുകളിൽ ഉൾപ്പെട്ട ഭാഗം പ,ത്തനാപുരം പുനലൂർ നിയോജക മണ്ഡലത്തിലാണ്.ഇരുമണ്ഡലത്തിലെയും ജനപ്രതിനിധികൾ ദേശീയ നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചതായി പറയുന്നെങ്കിലും നടപടിയില്ല. ശബരിമല കാനനപാതയായ അലിമുക്ക് അച്ചൻകോവിൽ മലയോര ഹൈവേ ആക്കി ആര്യൻകാവ് - കുളത്തൂപ്പുഴ ക്ഷേത്രം വഴി റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
---------
ആദിവാസി കോളനികളിൽ ഉള്ളവർക്ക് ഉൾപ്പെടെ അത്യാവശ്യ ഘട്ടങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടുന്നതിന് ആശ്രയമായ റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകണം.
സന്തോഷ് മുള്ളുമല.
സംസ്ഥാന പ്രസിഡന്റ്. ആദിവാസി ഡെവലപ്പ്മെന്റ് സൊസൈറ്റി
------
. അന്യസംസ്ഥാന തീർത്ഥാടകരടക്കംഅച്ചൻകോവിൽ അയ്യപ്പക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് എളുപ്പമാർഗമായ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകണം
ചേത്തടി ശശി.
കെ.പി.സി.സി.വിചാർ വിഭാഗ്, പത്തനാപുരം.