smasanam
പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം നടക്കുന്ന ഷെഡ്

സംസ്കാര ചടങ്ങുകൾക്ക് ശുദ്ധജലമില്ല
 ബന്ധുജനങ്ങൾക്ക് വിശ്രമ സൗകര്യമില്ല

01. ഗ്യാസ് ക്രിമിറ്റോറിയം നോക്കുകുത്തി

02. സംസ്കാരം പരമ്പാരഗത ശൈലിയിൽ

03. ശുദ്ധജലത്തിന് പരക്കംപായണം

04. കിണർ ശുചീകരിച്ചിട്ട് നാളേറെയായി

05. കുടിവെള്ള ടാപ്പും പരക്കെ പണിമുടക്കും

06. പരിസരമാകെ കാടുകയറി

കൊല്ലം: നഗരസഭയുടെ തുടർച്ചയായ അവഗണനയിൽ നഗരത്തിലെ നരകമായി മാറുകയാണ് പോളയത്തോട് ശ്മശാനം. മൃതദേഹവുമായി എത്തുന്നവർ ഉറ്റവരുടെ വേർപാടിനേക്കാൾ വലിയ വേദനയുമായാണ് ഇവിടെ നിന്ന് മടങ്ങുന്നത്.

ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ഗ്യാസ് ക്രിമിറ്റോറിയം നോക്കുകുത്തിയായി. ഇപ്പോൾ രണ്ട് ഷെഡുകളിലായി പരമ്പരാഗത ശൈലിയിലാണ് സംസ്കാരം നടക്കുന്നത്.

ഒരു ചിത അണയും മുൻപേയാണ് തൊട്ടടുത്ത് അടുത്ത സംസ്കാരം നടക്കുന്നത്. സമീപത്തെ അണയാത്ത ചിതയിൽ നിന്നും ഉയരുന്ന തീയും ചൂടുമേറ്റും ചാരത്തിൽ ചവിട്ടിയുമാണ് ബന്ധുജനങ്ങൾ ഉറ്റവരുടെ സംസ്കാര ക്രിയകൾ ചെയ്യുന്നത്. ചടങ്ങുകളുടെ ഭാഗമായുള്ള കുടം ഉടയ്ക്കാനുള്ള ശുദ്ധജലം ബന്ധുക്കൾ വീട്ടിൽ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്.

ശ്മശാനം വളപ്പിലെ കിണർ ശുചീകരിച്ചിട്ട് ആണ്ടുകളായി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാപ്പുണ്ടെങ്കിലും വെള്ളം വലപ്പോഴുമേ കാണൂ. ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ. സംസ്കാര ചടങ്ങുകൾക്ക് എത്തുന്നവർക്ക് വിശ്രമിക്കാനും സൗകര്യങ്ങളില്ല. ഇരിപ്പിടം പോയിട്ട് വെയിലും മഴയും എൽക്കാതിരിക്കാനുള്ള സംവിധാനങ്ങൾ പോലും നഗരസഭയ്ക്ക് സജ്ജമാക്കാനായിട്ടില്ല. നടവഴിയൊഴികെ ബാക്കിയെല്ലായിടവും കാടുകയറി കിടക്കുകയാണ്. സൂക്ഷിച്ചില്ലെങ്കിൽ ഇഴജന്തുക്കളുടെ കടിയേൽക്കും. ഇടയ്ക്കിടെ സന്നദ്ധ പ്രവർത്തകർ ശുചീകരിക്കുന്നതൊഴിച്ചാൽ നഗരസഭ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.

 മനുഷ്യനും മൃഗത്തിനും ഒരേയിടം

ഹൈന്ദവ വിശ്വാസ പ്രകാരം അച്ഛനമ്മമാർ ജീവിച്ചിരിക്കെ മരണമടയുന്നവരെ ദഹിപ്പിക്കുന്നതിന് പകരം മണ്ണിൽ അടക്കം ചെയ്യുകയാണ് പതിവ്. ഇത്തരം സംസ്കാരവും റോഡരികിൽ ചത്ത് കിടക്കുന്ന മൃഗങ്ങളെ കുഴിച്ചിടുന്നതും പോളയത്തോട് ശ്മശാനത്തിൽ ഒരേ സ്ഥലത്താണ്. എതിർപ്പുയർന്നതിനെ തുടർന്ന് ഇടയ്ക്ക് മൃഗങ്ങളെ മാറ്റിക്കുഴിച്ചിട്ടിരുന്നു. എന്നാൽ ഇപ്പോൾ നഗരസഭാ ജീവനക്കാർ തോന്നുന്നിടത്താണ് മൃഗങ്ങളെയും സംസ്കരിക്കുന്നത്.

 നൂറ്റാണ്ടുകളുടെ ചരിത്രം

ഏകദേശം മൂന്നൂറ് വർഷത്തിലേറെ പഴക്കമുള്ളതാണ് പോളയത്തോട് ശ്മശാനം. വാണിജ്യത്തിനായി ഇവിടെ വന്ന് മരണപ്പെടുന്ന ഊരും പേരുമറിയാത്തവരെയാണ് അക്കാലത്ത് ഇവിടെ സംസ്കരിച്ചിരുന്നത്. വേലുത്തമ്പിയുടെ ഭരണകാലത്ത് കന്റോൺമെന്റ് മൈതാനത്ത് തമ്പടിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളത്തിലെ ഹിന്ദുമത വിശ്വാസികളെ ഇവിടെയാണ് സംസ്കരിച്ചത്. പിന്നീട് മുനിസിപ്പാലിറ്റി ശ്മശാനം ഏറ്റെടുത്ത് ചുറ്റുമതിലും ചില കെട്ടിടങ്ങളും നിർമ്മിച്ചതല്ലാതെ കാലത്തിനൊത്ത ഒരുമാറ്റവും ഇവിടെ ഉണ്ടായിട്ടില്ല.