photo
അഞ്ചാലുംമൂട് തൃക്കടവൂർ സാമൂഹ്യാരോഗ്യ കേന്ദ്രം

ദേശീയ അംഗീകാരം ലഭിച്ചാൽ 15 ലക്ഷം രൂപ കേന്ദ്ര വിഹിതം

കിടക്ക ഒന്നിന് 10,000 രൂപവീതവും ഒരു വർഷം ലഭിക്കും

ഇവ ഇവിടുത്തെ മികവുകൾ

01. ജൈവ പച്ചക്കറിത്തോട്ടം

02. ഔഷധ സസ്യത്തോട്ടം

03. മികച്ച കാന്റീൻ സംവിധാനം

04. ആരോഗ്യ ബോധവത്കരണം

05. മാലിന്യ സംസ്കരണ പദ്ധതികൾ

06. പൊല്യൂഷൻ കൺട്രോൾ ബോർഡ് പുരസ്കാരം

അഞ്ചാലുംമൂ‌ട്: തൃക്കടവൂർ സാമൂഹ്യാരോഗ്യ കേന്ദ്രം നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ സ്റ്റാൻഡേർഡിൽ ഉൾപ്പെട്ടേക്കും. ഇതുമായി ബന്ധപ്പെട്ട പരിശോധനാ സംഘം കഴിഞ്ഞദിവസം ആശുപത്രി സന്ദർശിച്ചു. ജില്ലയിൽ നിന്ന് പരിഗണന പട്ടികയിലുള്ള ഏക സാമൂഹ്യാരോഗ്യ കേന്ദ്രമാണ് തൃക്കടവൂർ. ദേശീയ അംഗീകാരം ലഭിച്ചാൽ 15 ലക്ഷം രൂപയും വർഷം ഒരു കിടക്കയ്ക്ക് 10,000 രൂപവീതവും കേന്ദ്ര സർക്കാർ നൽകും. 16 കിടക്കകളാണ് നിലവിൽ ആരോഗ്യ കേന്ദ്രത്തിലുള്ളത്. ഡിസംബർ 8 വരെയാണ് സംഘം കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നത്.

ഡിസംബർ അവസാന വാരത്തിൽ ക്വാളിറ്റി അക്രഡിറ്റേഷൻ പ്രഖ്യാപനമുണ്ടായേക്കും. പരിമിതികൾ ഏറെയുണ്ടായിട്ടും മെച്ചപ്പെട്ട നിലവാരം പുലർത്തിയാണ് തൃക്കടവൂർ സാമൂഹ്യാരോഗ്യ കേന്ദ്രം അക്രഡിറ്റേഷൻ സ്റ്റാൻഡേർഡിൽ ഉൾപ്പെടാനുള്ള നേടിയെടുത്തത്. പരിശോധനയ്ക്കായി ബന്ധപ്പെട്ട ടീം എത്തുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങളൊക്കെ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ മുറികളും ഉപകരണങ്ങളുമൊക്കെ കഴുകി വൃത്തിയാക്കുകയും പെയിന്റിംഗും മറ്റ് അറ്റകുറ്റപ്പണികളും നടത്തുകയും ചെയ്തു.

ജൈവ പച്ചക്കറിത്തോട്ടവും ഔഷധ സസ്യത്തോട്ടവുമൊരുക്കി. കാന്റീൻ സൗകര്യമുൾപ്പടെ അടിയന്തിരമായി സജ്ജീകരിച്ചു. ആരോഗ്യ ബോധവത്കരണ പോസ്റ്ററുകൾ, ബോർഡുകൾ, അറിയിപ്പ് ബോർഡുകൾ തുടങ്ങിയവയൊക്കെ പുതിയത് സ്ഥാപിച്ചു. മാലിന്യ സംസ്കരണ പദ്ധതികൾക്ക് കൂടുതൽ മെച്ചപ്പെടുത്തി. ഓടകളും മറ്റും വൃത്തിയാക്കി. നേരത്തേതന്നെ ഇവിടെ പരിസര ശുചിത്വം പാലിച്ചിരുന്നത് കൂടുതൽ ഗുണം ചെയ്തു. പരിശോധനാ സംഘം തൃപ്തരായാണ് മടങ്ങിയത്. മത്സര സ്വഭാവമുള്ളതിനാൽ തിരഞ്ഞെടുത്ത എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തി മാർക്ക് ഇട്ടെങ്കിൽ മാത്രമേ ക്വാളിറ്റി അക്രഡിറ്റേഷൻ സ്റ്റാൻഡേർഡിൽ ഉൾപ്പെടുന്ന ആരോഗ്യ കേന്ദ്രം ഏതെന്ന കാര്യം വ്യക്തമാവുകയുള്ളു.

കൊല്ലം കോർപ്പറേഷന്റെ പരിധിയിലുള്ള ആരോഗ്യ കേന്ദ്രത്തിന് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ പുരസ്കാരവും ലഭിച്ചിരുന്നു. പുതിയ കെട്ടിടങ്ങളില്ലാതെ പഴയ കെട്ടിടങ്ങളെ പരമാവധി മെച്ചപ്പെടുത്തി ഉപയോഗിക്കുന്ന ആരോഗ്യ കേന്ദ്രമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. ആരോഗ്യ കേന്ദ്രം നടപ്പാക്കിയ സ്റ്റുഡന്റ് ഹെൽത്ത് കേഡറ്റ് പദ്ധതിയും പരിശോധനാ സംഘത്തിന് മതിപ്പുണ്ടാക്കിയിട്ടുണ്ട്. നേരത്തേതന്നെ സി.സി.ടി.വി കാമറകൾ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മികവ് ഒക്ടോബർ 25ന് കേരളകൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.

പേപ്പർ മാലിന്യം കത്തിക്കുവാൻ പ്ളാന്റ്, മറ്റ് മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിലാക്കി രണ്ട് ദിവസം കൂടുമ്പോൾ ഇവിടെ നിന്നും കൊണ്ടുപോകുവാനുള്ള സംവിധാനം, മെച്ചപ്പെട്ട് ലാബ്, ഒ.പിയിൽ ടോക്കൺ സംവിധാനം, സ്പെഷ്യൽ ക്ളിനിക്കുകൾ, കുത്തിവയ്പ് സൗകര്യം, ശീതീകരിച്ച മുലയൂട്ടൽ കേന്ദ്രം തുടങ്ങി ഒരുപാട് സൗകര്യങ്ങൾ കാലേക്കൂട്ടി സജ്ജമാക്കിയതെല്ലാം മെച്ചമായിട്ടാണ് പരിശോധനാ സംഘം രേഖപ്പെടുത്തിയത്. വൃത്തിയും വെടിപ്പും സുരക്ഷിത ആരോഗ്യ സാഹചര്യവുമൊരുക്കിയാണ് ആരോഗ്യകേന്ദ്രത്തെ ദേശീയ അംഗീകാരത്തിനായി സജ്ജമാക്കിയത്

ഡോ.ടി.ലസിത, മെഡിക്കൽ ഓഫീസർ