കൊല്ലം: പത്തനംതിട്ട കോടതിജാമ്യം അനുവദിച്ചെങ്കിലും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ഉടൻ പുറത്തിറങ്ങാനാകില്ല. ശബരിമലയിൽ ചിത്തിരആട്ട വിശേഷ സമയത്ത് തൃശൂർ സ്വദേശിനി ലളിതാദേവിയെ (52) ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയതിന് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കേസിലെ 12-ാം പ്രതിയാണ് സുരേന്ദ്രൻ.
റാന്നി കോടതിയിൽ ഫയൽചെയ്‌ത കേസിൽ പ്രൊഡക്‌ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ഇന്നലെ വൈകിട്ട് നാലിന് കൊട്ടാരക്കര സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ടിന് കൈമാറി. ഇന്ന് രാവിലെ കൊട്ടാരക്കര ജയിലിൽ നിന്ന് സുരേന്ദ്രനെ റാന്നി കോടതിയിൽ കൊണ്ടുപോകും. വൻ സുരക്ഷയൊരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ കേസിൽ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്. ഈ കേസിൽ ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരി, ബി.ജെ.പി നേതാവ് വി.വി. രാജേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്.
നേരത്തേ കണ്ണൂർ ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി സുരേന്ദ്രനെതിരെ പുറപ്പെടുവിച്ച പ്രൊഡക്‌ഷൻ വാറണ്ടിൽ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മറ്റൊരു കേസിൽ പ്രതിയാക്കിയത്. കണ്ണൂരിൽ ഡിവൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസ് എടുത്തിട്ടുള്ളത്.
സുരേന്ദ്രനെ 26ന് രാവിലെ കണ്ണൂർ ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലും ഹാജരാക്കുമെന്നാണ് സൂചന. കൂടുതൽ കേസുകൾ പൊടിതട്ടിയെടുത്ത് സുരേന്ദ്രനെ ജാമ്യത്തിലിറങ്ങുന്നത് വൈകിപ്പിക്കാനാണ് പൊലീസ് നീക്കമെന്നും സൂചനയുണ്ട്.