sss
പ്രവർത്തനം നിലച്ച വൈദ്യുത ക്രിമിറ്റോറിയത്തിന്റെ കെട്ടിടം

നൂറ് വർഷം മുൻപ്: 7 ഏക്കർ

 25 വർഷം മുൻപുള്ള റീ സർവേയിൽ: 4.90 ഏക്കർ

 ഇപ്പോൾ: 2.10 ഏക്കർ

കൊല്ലം: മരണപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുമ്പോൾ സംസ്കരിക്കാനുള്ള ഇടമായ പോളയത്തോട് ശ്മശാനം അനുദിനം മെലിയുന്നു. നൂറ് വർഷം മുൻപ് ഏഴ് ഏക്കറായിരുന്ന ശ്മശാനത്തിന്റെ വിസ്തൃതി ഇപ്പോൾ 2.10 ഏക്കറായി ചുരുങ്ങി. ഇതിൽ തന്നെ 70 സെന്റ് ചില മതവിഭാഗങ്ങളുടെ ശ്മശാനത്തിനായി വിട്ടുനൽകിയിരിക്കുകയാണ്. ജനസംഖ്യ തീരെ കുറവായിരുന്ന കാലത്താണ് ശ്മശാനത്തിന് ഏഴ് ഏക്കർ മാറ്റിവച്ചത്. ദുരന്തങ്ങളോ പട്ടാള നടപടികളോ ഉണ്ടായി നിരവധി പേരെ ഒരേസമയം സംസ്കരിക്കേണ്ട സാഹചര്യവും കണക്കിലെടുത്തിരുന്നു. മുനിസിപ്പാലിറ്റിയുടെ കൈവശമായതോടെയാണ് ശ്മശാനം മെലിഞ്ഞു തുടങ്ങിയത്.

ആദ്യം രണ്ടേക്കർ സ്ഥലം ബിഷപ്പിന്റെ നിയന്ത്രണത്തിലുള്ള വാടി സഹകരണ സംഘത്തിന് വിട്ടുനൽകി. പോളയത്തോട് ജംഗ്ഷനിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനായി ഒഴിപ്പിച്ച ചന്ത മാറ്റി സ്ഥാപിച്ച് ഒന്നരയേക്കർ പോയി. പിന്നീട് 30 സെന്റ് സ്ഥലത്ത് പബ്ലിക് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചു. ഇതൊന്നും പോരാഞ്ഞിട്ടാണ് വളരെ പവിത്രമായി സൂക്ഷിക്കേണ്ട ശ്മശാന ഭൂമിയുടെ ഒരു ഭാഗം മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയത്.

 നടക്കാത്ത പദ്ധതികളുടെയും ശ്മശാനം

കെടുകാര്യസ്ഥതയിൽ പൊളിഞ്ഞുപോയ നഗരസഭയുടെ പദ്ധതികളുടെയും ശവപ്പറമ്പാണ് ഇവിടം. കുരീപ്പുഴയിലേക്ക് മാലിന്യം കൊണ്ടുപോകാൻ നഗരസഭ വാങ്ങിയ 55 ഓട്ടോ ടിപ്പറുകൾ ഒടുവിൽ പദ്ധതി നടക്കാതായപ്പോൾ ഒളിപ്പിച്ചത് ശ്മശാനത്തിന്റെ മൂലയിലാണ്. ഇവിടെ കിടന്ന് അവ ദ്രവിച്ച് നശിച്ചു. ആർക്കും വേണ്ടാതായ ലക്ഷങ്ങൾ വിലയുള്ള ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും ഇവിടെയാണ് തള്ളിയത്. പത്ത് വർഷം മുൻപ് മുതൽ ശ്മശാനത്തിന്റെ മൂലയിലെ ഒരേക്കർ സ്ഥലം അംഗീകൃത മാലിന്യ നിക്ഷേപ കേന്ദ്രമായി. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ഇവിടെയാണ് തള്ളുന്നത്.

 നിയമവിരുദ്ധമായി കല്ലറകൾ

നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ ആദായമുണ്ടാക്കാനോ പാടില്ലെന്ന കർശന വ്യവസ്ഥയിലാണ് പോളയത്തോട് ശ്മശാനത്തിലെ 70 സെന്റ് സ്ഥലം പലപ്പോഴായി ചില മതവിഭാഗങ്ങൾക്ക് സംസ്കാര ചടങ്ങുകൾക്കായി വിട്ടുനൽകിയത്. ഇപ്പോൾ ഈ സ്ഥലം മുഴുവൻ കോൺക്രീറ്റ് കല്ലറകൾ നിറഞ്ഞിരിക്കുകയാണ്. കല്ലറകൾ സ്ഥാപിക്കാൻ നാടത്തിപ്പുകാർ പണം വാങ്ങുന്നതായും ആരോപണമുണ്ട്. പക്ഷെ നഗരസഭ ഒരു നടപടിക്കും തയ്യാറല്ല.