2008ലും 2010ലും ഗ്യാസ് ക്രിമറ്റോറിയങ്ങൾ സ്ഥാപിച്ചു
കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത സ്ഥാപനങ്ങളെ ഒഴിവാക്കി
കൊല്ലം:ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ഇലക്ട്രിക് ക്രിമറ്റോറിയം പോലെ പോളയത്തോട് ശ്മശാനത്തിൽ സ്ഥാപിച്ച രണ്ട് ഗ്യാസ് ഫർണസുകളും ദിവസങ്ങൾക്കുള്ളിൽ കട്ടപ്പുറത്തായി. കമ്മിഷൻ ലക്ഷ്യമിട്ട് ഫർണസിന് ഉണ്ടായിരിക്കേണ്ട മേന്മകൾ കരാർ ഉറപ്പിച്ചപ്പോൾ അവഗണിച്ചതാണ് ഇവയേയും അകാല ചരമത്തിലേക്ക് നയിച്ചത്. ഇലക്ട്രിക് ക്രിമറ്റോറിയം ഉപേക്ഷിച്ച് 2000ലാണ് നഗരസഭ ശ്മശാനത്തിൽ ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി ആചാരങ്ങൾക്ക് വിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് മാറ്റങ്ങൾ വരുത്തി. 2006ൽ ടെണ്ടർ നടപടി തുടങ്ങി. ഒരു വർഷം ഗ്യാരണ്ടി, ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടുള്ള ഉപകരണങ്ങൾ എന്നീ നിസാര മേന്മമകൾ മാത്രമേ മുന്നോട്ടു വച്ചുള്ളൂ.
ലഭിച്ച ആറ് ടെണ്ടറുകളിൽ കുറഞ്ഞ നിരക്ക് മുന്നോട്ടു വച്ച സർക്കാർ നിയന്ത്രണത്തിലുള്ള റെയ്ഡ്കോയേയും കെൽട്രോണിനെയും അവഗണിച്ച് ഹൈടെക്ക് എന്ന സ്വകാര്യ ഏജൻസിയുമായി 14.70 ലക്ഷത്തിന് കരാർ ഉറപ്പിച്ച് 2008ൽ നിർമ്മാണം പൂർത്തീകരിച്ചു. എന്നാൽ സ്റ്റെയിൻലെസ് സ്റ്റീലിന് പകരം കുറഞ്ഞ സ്റ്റീലാണ് ഉപയോഗിച്ചത്. ഇത് മൂലം 3.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.
ഒരു മൃതദേഹം ദഹിപ്പിക്കാൻ 45 മിനിറ്റും 10 മുതൽ 12 കിലോ ഗ്യാസും മതിയെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാൽ 3 മണിക്കൂറും 16 കിലോ ഗ്യാസും ഇതിനായി വേണ്ടി വന്നു.
ഒരു മണിക്കൂറിനുള്ളിൽ ചിതാഭസ്മം ലഭിക്കേണ്ടിടത്ത് ഫർണസ് തണുത്ത് അടുത്ത സംസ്കാരത്തിന് സജ്ജമാകാൻ 14 മണിക്കൂറെടുത്തു. ഒരു ദിവസം അഞ്ച് മൃതദേഹം ദഹിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിടത്ത് ഒരെണ്ണം പോലും നടക്കാതെയായി. ഇതിന് പുറമെ ക്രിമറ്രോറിയത്തിനുള്ളിലെ വായും സമ്മർദ്ദം വർദ്ധിപ്പിക്കാനും പുക പുറന്തള്ളാനും കൂടുതൽ വൈദ്യുതി ആവശ്യമായി വന്നു. പരീക്ഷണാർത്ഥം പ്രവർത്തിക്കവെ വൈദ്യുതി നിലച്ചപ്പോൾ പരിസരത്താകെ അസഹ്യമായ ദുർഗന്ധമുള്ള പുക വ്യാപിച്ചു. സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അഞ്ചരലക്ഷം രൂപ ചെലവിൽ ജനറേറ്റർ സ്ഥാപിച്ചെങ്കിലും വൈകാതെ ഗ്യാസ് ക്രിമറ്റോറിയം നിശ്ചലമായി.
2010ൽ വീണ്ടുമൊരു ഗ്യാസ് ഫർണസ് കൂടി സ്ഥാപിച്ചെങ്കിലും ജനറേറ്റർ ഇടയ്ക്കിടെ പണിമുടക്കി സംസ്കാരം പാതിവഴിയിൽ മുടങ്ങിയതോടെ പ്രവർത്തനം നിലച്ചു. പുകക്കുഴലിന് ആവശ്യമായ ഉയരമില്ലാത്തതിനാൽ ദുർഗന്ധം വ്യാപിക്കുക പതിവായി. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ഈ രണ്ട് ഗ്യാസ് ഫർണസുകളിലായി കഷ്ടിച്ച് 500 മൃതദേഹം പോലും സംസ്കരിക്കാനായിട്ടില്ല. പിന്നീട് വന്ന ഭരണസമിതികൾ അറ്റകുറ്റപ്പണി നടത്താനും തയ്യാറായിട്ടില്ല.
മൃതദേഹങ്ങൾക്ക് മേൽ കട്ടകൾ പതിച്ചു
ആദ്യ ഗ്യാസ് ക്രിമറ്രോറിയം പരീക്ഷണാർത്ഥം പ്രവർത്തിക്കവെ ഒരുനാൾ സംസ്കാരത്തിനിടയിൽ വലിയ ശബ്ദമുണ്ടായി. സ്ഥത്തുണ്ടായിരുന്ന കൗൺസിലർ അടക്കമുള്ള ബന്ധുക്കൾ ഫർണസ് തുറക്കണമെന്ന് ആവശ്യപ്പെട്ടു. നടത്തിപ്പുകാർ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തുറന്നപ്പോൾ മൃതദേഹത്തിന്റെ നെഞ്ചിൽ ഫർണസിന്റെ കട്ടകൾ ഇളകി വീണ നിലയിലായിരുന്നു. വീണ്ടും സമാനമായ സംഭവം ആവർത്തിച്ചതോടെയാണ് ആദ്യ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചത്.