ഏരൂർ: എെ.ഡി.ബി.ഐ ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ രണ്ടു പേരെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ സ്വദേശികളായ രജീവ് (29), അനൂപ് (33) എന്നിവരാണ് പിടിയിലായത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ലോണെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏരൂർ സ്കൂളിന് സമീപമുള്ള ട്യൂട്ടോറിയൽ കോളേജിൽ മഫ്തിയിലെത്തിയ പൊലീസ് സംഘത്തോട് ലോണിനെക്കുറിച്ച് ഇവർ വിശദീകരിച്ചു. ലോൺ തരപ്പെടുത്തുന്നതിനുള്ള പ്രോസസിംഗ് ചാർജെന്ന പേരിൽ 15,000 മുതൽ 25,000 രൂപ വരെയാണ് ഇവർ ആവശ്യപ്പെടുന്നത്. എെ.ഡി.ബി.ഐ ബാങ്കിലെ ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തുന്ന ഇവർക്ക് ബാങ്കുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഏരൂർ എസ്.ഐ. സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.