karthikavilakku
ഓച്ചിറ പടനിലത്തെ ആൽത്തറകളിൽ തൃക്കാർത്തിക വിളക്ക് തെളിക്കുന്നു.

ഓച്ചിറ: ചാറ്റൽ മഴയെ അവഗണിച്ചും ആയിരങ്ങൾ കാർത്തികവിളക്ക് കണ്ട് തൊഴാൻ ഓച്ചിറ പടനിലത്തെത്തി. ചക്കുളത്ത്കാവിൽ പൊങ്കാലയ്ക്ക് ശേഷം മടങ്ങിയവർ കൂടി എത്തിയതോടെ ഭക്തജനങ്ങളെ കൊണ്ട് പടനിലം നിറഞ്ഞ് കവിഞ്ഞു.
അപൂർവം വർഷങ്ങളിൽ മാത്രമേ 12 വിളക്ക് മഹോത്സവത്തിനിടയിൽ തൃക്കാർത്തിക എത്താറുള്ളൂ. കിഴക്കും പടിഞ്ഞാറും ആൽത്തറകളിൽ നിന്ന് കൊളുത്തിയ ദീപം ഭക്തജനങ്ങൾ പടനിലത്താകെ സ്ഥാപിച്ച മൺചിരാതുകളിലേക്ക് പകർന്നു. ആദ്യം ആൽത്തറകളുടെ ചുറ്റിലുള്ള കൽവിളക്കുകളിലാണ് കാർത്തിക വിളക്ക് തെളിച്ചത്. തുടർന്ന് കുടിലുകളിലും സത്രങ്ങളിലും താമസിക്കുന്നവർ ആയിരക്കണക്കിന് മൺചിരാതുകളിൽ ദീപം തെളിച്ചതോടെ പടനിലമാകെ ദീപപ്രഭയിൽ മുങ്ങി. ഭക്തജനതിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഭരണസമിതിയും പൊലീസും ചേർന്ന് ഒരുക്കിയിരുന്നു.