പത്തനാപുരം; നഗര മദ്ധ്യത്തിൽ പട്ടാപ്പകൽ വീട്ടിൽ നിന്ന് 90 പവൻ സ്വർണവും 25000 രൂപയും കവർന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. . പ്രദേശത്തെ വീടുകളിലെ സി.സി.ടിവി ദ്യശ്യങ്ങളിൽ നിന്ന് 'തുമ്പ് ' കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
മ്യഗസംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ പത്തനാപുരം ജനതാ ജംഗ്ഷൻ
ലൗലാന്റിൽ നവാസിന്റെ വീട്ടിൽ നിന്നാണ് മുൻ വശത്തെ വാതിൽ തകർത്ത് സ്വർണവും പണവും മോഷ്ടിച്ചത്.
സംഭവ ദിവസം നവാസും ഭാര്യയും രാവിലെ ഒൻപത് മണിയോടെ ജോലിക്ക് പോയിരുന്നു.
പട്ടാഴി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയാണ് ഭാര്യ സബീന.
തുടർന്ന് വൈകിട്ട് 6 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത് .അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന 90 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം അടുത്തിടെയാണ് വീട്ടിൽ കൊണ്ടുവന്നത്. വീടിന് സമീപത്തെ
വാഴത്തോപ്പിൽ കൂടി മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയതെന്നാണ് നിഗമനം. ശാസ്ത്രീയ പരിശോധന ഓഫീസർ പി.ശീതളിന്റെ നേത്യത്വത്തിലുളള സംഘവും വിരലടയാളവിദഗ്ദ്ധരും
ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി.
സമീപത്തെ സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുളള സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ് .
പത്തനാപുരം സി.ഐ.അൻവർ, എസ്.ഐ പുഷ്പകുമാർ എന്നിവർക്ക് പുറമേ റൂറൽ പൊലീസിലെ എസ്.ഐ ബിനോജിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘവും അന്വേഷണം നടത്തിവരികയാണ് .