കൊട്ടാരക്കര: കോട്ടാത്തല ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. അസ്വസ്ഥത അനുഭവപ്പെട്ട 36 കുട്ടികൾ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
കോട്ടാത്തല രാജീവ് ഭവനിൽ ബിന്ദുവിന്റെ മകൾ അഭിരാമിയുടെ (5) നില മോശമായതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേഷിപ്പിച്ചു.
കോട്ടാത്തല പറങ്കിമാംവിള വീട്ടിൽ രാജലക്ഷ്മിയുടെ മകൻ സിദ്ധാർത്ഥ് (5), കോട്ടുവിള വീട്ടിൽ സ്മിതയുടെ മകൾ ശ്രേയ (5), ശ്രദ്ധ(5), ആറുമുറിതെക്കതിൽ ഗീതയുടെ മകൾ സ്നേഹ (7), അംബികയുടെ മകൾ ദേവനന്ദ (7), മുളമൂട്ടിൽ ജിജിയുടെ മകൾ കൃഷ്ണ (6), ബിന്ദുഭവനിൽ സജുവിന്റെ മകൻ അക്ഷയ് (7), പ്ളാവറ തെക്കതിൽ രജിതയുടെ മകൻ സൂര്യജിത് (9), ചരുവിൽവീട്ടിൽ ഡാലിയുടെ മക്കളായ യാദവ് കൃഷ്ണ(6), യദു കൃഷ്ണൻ(6), കൊച്ചുവിളപടിഞ്ഞാറ്റതിൽ സുനിതയുടെ മകൻ അഭിനവ് (6) നിരത്തുകാലയിൽ വിജിതയുടെ മകൻ വിശാൽ(5), മുളമൂട്ടിൽ വീട്ടിൽ സുനിതയുടെ മകൻ അമൽ (9), ശിവദർശന (3), വിനായക് (6), ഗഗന (3), രാഹുൽ (9), രഞ്ജു (9), രാജിസദനത്തിൽ ബിന്ദുവിന്റെ മകൾ അഭിരാമി (5), ബിന്ധ്യ (9), വടക്കടത്ത് വീട്ടിൽ ശാന്തമ്മയുടെ മകൾ ബിനന്യ (5) തുടങ്ങിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കും കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നുണ്ടായിരുന്നു, മറ്റുള്ളവർ ആശുപത്രി വിട്ടു.
ആരുടെയും നില ഗുരുതരമല്ല. വെള്ളിയാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ പല കുട്ടികൾക്കും തലവേദനയും തലകറക്കവും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. രാത്രിയേറെ ചെന്നിട്ടും അസ്വസ്ഥതകൾ മാറാതിരുന്നതിനെ തുടർന്ന് വീട്ടുകാർ കുട്ടികളെ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. പുലർച്ചെ മുതൽ ആശുപത്രിയിൽ കുട്ടികൾ എത്തി തുടങ്ങി. അതോടെയാണ് സ്കൂളിൽ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയാണ് കുട്ടികളുടെ അസ്വസ്ഥതയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. എല്ലാ കുട്ടികളിലും ഒരേ ലക്ഷണം തന്നെയായിരുന്നു. വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ രാവിലെ പായസ വിതരണം നടത്തിയിരുന്നു. സ്കൂളിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്നാണോ പുറത്തു നിന്ന് വിതരണം ചെയ്ത പായസത്തിൽ നിന്നാണോ വിഷബാധയുണ്ടായതെന്ന് പരിശോധിച്ച് വരുന്നു. ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.
പി. ഐഷാപോറ്റി എം.എൽ.എ ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു.