watt
പുനലൂർ നഗരസഭ പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കുന്ന കരവാളൂർ പഞ്ചായത്തിലെ പനംകുറ്റി മലയിലെ ജപ്പാൻ(മീനാട്) പദ്ധതി പ്രദേശം.

പുനലൂർ:ജപ്പാൻ (മീനാട്) കുടിവെള്ള പദ്ധതിയിൽ നിന്ന് നഗരസഭ പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം നടക്കും. ഇതിനായി ഉടൻ ട്രയൽ റൺ നടക്കും.4.5കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജപ്പാൻ(മീനാട്) പദ്ധതി പ്രദേശത്ത് നിന്ന് ദിവസവും 50 ലക്ഷം ലിറ്റർ കുടിവെള്ളം നഗരസഭയിലെ 35 വാർഡുകളിലും എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. കരവാളൂർ പഞ്ചായത്തിലെ പനംകുറ്റിമലയിലെ ജപ്പാൻ കുടിവെള്ള പദ്ധതി പ്രദേശത്ത് പുതിയതായി സ്ഥാപിച്ച പൈപ്പു ലൈൻ പുനലൂർ ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വാട്ടർ അതോറിറ്റിയുടെ കൂറ്റൻ വാട്ടർ ടാങ്കിൽ ബന്ധിപ്പിക്കും. തുടർന്ന് അടുത്ത ആഴ്ച റൺ ട്രയൽ നടത്തി ഒരാഴ്ചക്കകം വാർഡുകളിൽ കണക്ഷൻ നൽകുമെന്ന് നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ അറിയിച്ചു. പദ്ധതി നാടിന് സമർപ്പിക്കുന്നതോടെ അര നൂറ്റാണ്ടിലധികമായി നഗരവാസികൾ നേരിട്ടിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അറുതിയാകും. വാട്ടർ അതോറിറ്റിൽ നിന്ന് നിലവിൽ ദിവസവും 50ലക്ഷം ലിറ്റർ കുടിവെളളമാണ് നഗരസഭ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. .ജപ്പാൻ പദ്ധതിയിൽ നിന്നുളള കുടിവെളളം കൂടി ലഭിക്കുമ്പോൾ ഇത് 100 ലിറ്ററായി വർദ്ധിക്കും. എന്നാൽ കഴിഞ്ഞ ഏഴ് മാസം മുമ്പ് ആരംഭിച്ച പൈപ്പ് മാറ്റൽ ജോലികൾ ജനങ്ങളെ തീരാ ദുരിതത്തിൽ ആക്കിയിരുന്നു. ജപ്പാൻ പദ്ധതിയിൽ നിന്ന് തൊളിക്കോട്, പവർഹൗസ്, കെ.എസ്.ആർ.ടി.സി, ടി.ബി.ജംഗ്ഷൻ, ബോയ്സ് ഹൈസ് സ്കൂൾ ജംഗ്ഷൻ വഴിയുളള പാതയോരത്ത് കൂടിയായിരുന്നു പുതിയ പൈപ്പു ലൈൻ സ്ഥാപിച്ചത്. ഇത് വാഹന ഗതാഗതത്തെയും, കാൽനട യാത്രയെയും മാസങ്ങളോളം ബാധിച്ചു. ഇതിന് പുറമെ ആഴ്ചകളോടെ കുടിവെളളം ലഭിക്കാതെ നഗര വാസികൾ വലയുകയും ചെയ്തിരുന്നു.പദ്ധതി പ്രദേശമായ പനംകുറ്റിമലയിൽ നിന്ന് വാട്ടർ ടാങ്ക് വരെയുളള മൂന്ന് കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഏഴ് മാസം വേണ്ടി വന്നു. വാട്ടർ അതോറിറ്റിക്കായിരുന്നു നിർമ്മാണ ചുമതല.

----

പദ്ധതി ചെലവ്- .4.5കോടി

വിതരണം ചെയ്യുന്നത്- 50 ലക്ഷം ലിറ്റർ വെള്ളം