ഓച്ചിറ: പരബ്രഹ്മക്ഷേത്ര ഓഡിറ്റോറിയത്തിൽ നൃത്തപരിപാടി അവസാനിപ്പിച്ചപ്പോൾ നിലയ്ക്കാത്ത കൈയടിയോടെയാണ് സദസ് ചിപ്പിയെ ആശിർവദിച്ചത്. പത്ത് വയസ് മാത്രം പ്രായമുള്ള അവൾ നൃത്തം ചെയ്യുന്നത് ആരുമായും മത്സരിക്കാനോ ഗ്രേസ് മാർക്കിനോ വേണ്ടിയല്ല. സംഭാവനയായി കിട്ടുന്ന നാണയത്തുട്ടുകൾ ശേഖരിച്ച് നിർധനരായ രോഗികളുടെ ചികിൽസയ്ക്കാണ് അവൾ നൽകുന്നത്.
പരബ്രഹ്മ ക്ഷേത്രസന്നിധിയിൽ ചിപ്പിയുടെ 144-ാമത് നൃത്തവേദിയായിരുന്നു. ഇത്തവണ കാണികളിൽ നിന്ന് സംഭാവനയായി ലഭിച്ച തുക നൽകിയത് ഇരുവൃക്കകളും തകരാറിലായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന ഓച്ചിറ മേമന തുണ്ടുപറമ്പിൽ ശ്രീലക്ഷ്മിക്കാണ്. ജീവകാരുണ്യ പ്രവർത്തകൻ അബ്ബാമോഹൻ ശ്രീലക്ഷ്മി ചികിത്സാസഹായ നിധി ഭാരവാഹികൾക്ക് തുക കൈമാറി.
കായംകുളം ബിഷപ്മൂർ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയായ ഈകൊച്ചു മിടുക്കിയെ നൃത്തചുവടുകൾ അഭ്യസിപ്പിച്ചത് കെ.എസ്.പുരം സാവിത്രി രാമചന്ദ്രനാണ്. ഇപ്പോൾ കരുനാഗപ്പള്ളി വാണീശ്വരി സ്കൂൾ ഒഫ് ഡാൻസിൽ പഠനം തുടരുന്നു. വള്ളികുന്നം കന്നിമേൽ സ്വദേശിനിയാണ്. മൂന്നര വയസിൽ നൃത്തമഭ്യസിക്കാൻ തുടങ്ങിയ ചിപ്പി 2014 മേയ് 12ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര നടയിലാണ് അരങ്ങേറ്റം കുറിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് പ്രദീപിനോടൊപ്പം ആർ.സി.സി. തിരുവനന്തപുരം, ഗുരുവായുർ, കരിക്കംദേവീക്ഷേത്രം, ശബരിമല, ചെട്ടികുളങ്ങര തുടങ്ങി ധാരാളം സ്ഥലങ്ങളിൽ ചിപ്പി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.