photo
'എസ്.എൻ.ഡി.പി യോഗവും സാമൂഹിക പരിഷ്കരണവും തൊഴിലാളി പ്രസ്ഥാനവും

കരു നാഗപ്പള്ളി: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗമെന്ന് യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ 'എസ്.എൻ.ഡി.പി യോഗവും സാമൂഹ്യ പരിഷ്കരണവും തൊഴിലാളി പ്രസ്ഥാനവും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ചൂഷണത്തിന് വിധേയമായിരുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ചതും യോഗം മുൻകൈയെടുത്താണ്. സാമൂഹിക പരിഷ്കരണ രംഗത്തും വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ യോഗത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. വിധവകൾക്ക് പെൻഷൻ നൽകാൻ ആർ. ശങ്കറുടെ സർക്കാർ തീരുമാനിച്ചതും ഇതിന്റെ ഫലമായാണ്. കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക - സാമുദായിക മേഖലകളിൽ ആഴത്തിൽ വേരൂന്നിയ സംഘടനയാണ് എസ്.എൻ.ഡി.പി യോഗം. ശ്രീനാരായണ ഗുരുദേവന്റെ ഈശ്വരീയത സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കാനാണ് യോഗം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, ആർ. സുശീലൻ, ചന്ദ്രൻ ചങ്ങൻകുളങ്ങര, എല്ലയ്യത്ത് ചന്ദ്രൻ, ബി. കമലൻ, രമണി, മധുകുമാരി തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ ഭാരവാഹികളായ സന്തോഷ്, ഋഷികേശൻ തമ്പി, എൻ. അശോകൻ ചാത്തവന, ബാബുക്കുട്ടൻ, സദാശിവൻ, കെ. വിശ്വനാഥൻ, രാമചന്ദ്രൻ, സുരേന്ദ്രൻ, പുഷ്കരൻ, സി.ബി. ബാബു എന്നിവർ പ്രസംഗിച്ചു.