car
കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ഇടമൺ-34ൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രം വിട്ട് കടയിൽ ഇടിച്ച് കയറിയ നിലയിൽ

പുനലൂർ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത ശേഷം സമീപത്തെ വ്യാപാരശാലയിൽ ഇടിച്ച് നിന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ആർക്കും പരിക്കില്ല.
ഇന്നലെ ഉച്ചക്ക് 12.15 ഓടെ കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ഇടമൺ -34ന് സമീപമായിരുന്നു അപകടം. പുനലൂർ ഭാഗത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത ശേഷം സമീപത്തെ ഫർണിച്ചർ കടയുടെ വരാന്തയുടെ ഇരുമ്പ് തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പോസ്റ്റ് മാറ്റി സ്ഥാപിച്ച ശേഷം വൈകിട്ട് അഞ്ചരയോടെയാണ് പ്രദേശത്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. വൈദ്യുതി ബോർഡിനും കടയുടമയ്ക്കും നഷ്ടപരിഹാരം നൽകിയ ശേഷം ആ കാറിൽ തന്നെ അയ്യപ്പൻമാർ തമിഴ്നാട്ടിലേക്ക് പോയി.