k-surendran

കൊല്ലം: കണ്ണൂരിലേക്ക് കൊണ്ടുപോകാൻ ബി.ജെ. പി. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പുറത്തിറക്കവേ കൊട്ടാരക്കര സബ്ജയിലിനു മുന്നിൽ സംഘർഷം. പ്രവർത്തകരെ കാണിക്കാതെ കൊണ്ടുപോകാനായിരുന്നു പൊലീസ് ശ്രമം. ജയിലിന് പുറത്തിറങ്ങി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയും ചെയ്ത ശേഷമാണ് സുരേന്ദ്രൻ വാഹനത്തിൽ കയറിയത്.

രാവിലെ ഏഴുമണിയോടെ ജയിലിനു മുന്നിൽ ബി.ജെ.പി. പ്രവർത്തകർ തടിച്ചുകൂടി. 9 മണിയോടെ പൊലീസ് ജയിൽ കവാടത്തോട് ചേർത്ത് വാഹനം നിറുത്തി സുരേന്ദ്രനെ കൊണ്ടുപോകാനൊരുങ്ങി. ഇതേതുടർന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, പി.എം. വേലായുധൻ, ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ പൊലീസിന് പ്രതിഷേധക്കാരുടെ നിർബന്ധത്തിന് വഴങ്ങി പ്രസംഗിക്കാൻ അനുവദിക്കേണ്ടിവന്നു.

നിലയ്ക്കലിൽ വച്ചു പൊലീസ് വിലക്ക് ലംഘിച്ച് ശബരിമല പോകാൻ ഒരുങ്ങിയതിനാണ് അറസ്റ്റിലായത്. അതിൽ ജാമ്യം കിട്ടിയെങ്കിലും ശബരിമലയിലെ ചിത്തിര ആട്ടവിശേഷത്തിനെത്തിയ തൃശൂർ സ്വദേശിനി 52 കാരിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ റാന്നി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു.