ഓച്ചിറ: സ്വയംഭരണ സ്ഥാപനമായ യു.ജി.സിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിലൂടെ വിദ്യാഭ്യാസ വിഷയത്തിൽ കേന്ദ്ര സർക്കാർ അനാവശ്യമായി ഇടപെടുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. സ്കൂളുകൾ അറിവിന്റെ കേന്ദ്രങ്ങളായി മാറണമെങ്കിൽ പുതിയ കെട്ടിടങ്ങളും കമ്പ്യൂട്ടറുകളും മാത്രം പോര, വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ. എ. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.ആർ. ജയപ്രകാശ്, ഡോ. ആർ. രജിത്ത്കുമാർ, ഡോ. സി. ഉണ്ണികൃഷ്ണൻ, കെ.എം. അനിൽമുഹമ്മദ്, കെ.എച്ച്. ബാബുജാൻ, ആർ. രാജശേഖരൻ, ഇ. സമീർ, നീലികുളം സദാനന്ദൻ, അശോക് കുമാർ നാടാലിൽ, കെ. ശുഭദേവ്, വയലിൽ സന്തോഷ് എന്നിവർ സംസാരിച്ചു.