ഏരൂർ: കസ്റ്റഡിയിലുള്ള ക്രിമിനൽ കേസ് പ്രതിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും എസ്.ഐയെയും പൊലീസുകാരെയും ആക്രമിക്കാനൊരുങ്ങുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി.
ഏരൂർ പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വധശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയായ ഏരൂർ മുഴതാങ്ങ് മുരുകവിലാസത്തിൽ അനുരാജിനെ (31) കഴിഞ്ഞദിവസം ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിഞ്ഞ് സ്റ്റേഷനിലെത്തിയ ഇയാളുടെ സഹൃത്ത് വിളക്കുപാറ സാന്ദ്ര സദനത്തിൽ സുനിൽ (32, ചങ്ക് സുനിൽ) അനുരാജിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും ബലമായി പുറത്തിറക്കാൻ ശ്രമിക്കുകയുമായിരുന്നു. തടയാനെത്തിയ എസ്.ഐ സുധീഷ് കുമാറിനെയും മറ്റ് പൊലീസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും എസ്.ഐയ്ക്ക് നേരേ വധഭീഷണി മുഴക്കുകയും ചെയ്തു. ഇതറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തിയെങ്കിലും ഏറെ നേരത്തെ സംഘർഷത്തിന് ഒടുവിലാണ് സുനിലിനെ അറസ്റ്റ് ചെയ്യാനായത്.
ഒരു മാസം മുമ്പ് ബിവറേജസിന്റെ മദ്യവിൽപ്പനശാലയ്ക്ക് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ കയറി അക്രമം നടത്തിയതിന് ചാർജ് ചെയ്ത കേസിൽ റിമാൻഡിലായ ചങ്ക് സുനിൽ അടുത്ത കാലത്താണ് പുറത്തിറങ്ങിയത്.
പൊലീസിനെ കൈയേറ്റം ചെയ്തതിനും വധഭീഷണി മുഴക്കിയതിനും പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചതിനും സുനിലിനെതിരെ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .