കൊല്ലം: പാട്ടിനൊപ്പം താളം പിടിച്ചും ചുവട് വച്ചും സാക്ഷരതാ പരീക്ഷ 'മികവുത്സവം" പഠിതാക്കൾ ആഘോഷമാക്കി. പാട്ടുപാടി പരീക്ഷാപ്പേടി അകറ്റിയാണ് പഠിതാക്കളെ മികവുത്സവത്തിലേക്ക് ക്ഷണിച്ചത്. പ്രപഞ്ചവിലാസം എഴുതുന്നത് മുതൽ പ്രസംഗമികവ് തെളിയിക്കാൻ അവസരം നൽകിയ ലക്കി ടിപ്പ് വരെ വ്യത്യസ്‌തമായ 11 പ്രവർത്തികളാണ് മികവുത്സവത്തിലുണ്ടായിരുന്നത്.
സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ മികവുത്സവത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 1296 സ്ത്രീകളും 165 പുരുഷൻമാരും ഉൾപ്പെടെ 1461 പേർ പങ്കെടുത്തു. കുലശേഖരപുരം പഞ്ചായത്തിലെ മഠത്തിൽമുക്ക് സുനാമി കോളനിയിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. തീരദേശ പഠിതാക്കൾക്കായുള്ള അക്ഷരസാഗരം പദ്ധതിയിൽ 1002 പേരും തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനികളിൽ നടപ്പാക്കുന്ന നവചേതന പദ്ധതിയിൽ 284 പേരും പങ്കെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ചങ്ങാതി പദ്ധതിയിൽ മലയാളം പഠിച്ചവർക്കായി പെരിനാട് ഗവ.എച്ച്.എസ്.എസിൽ മികവുത്സവം സംഘടിപ്പിച്ചു. 104 പേർ പങ്കെടുത്തതിൽ ഗുജറാത്തിൽ നിന്നുള്ള ആര്യയായിരുന്നു ഏക വനിത. ഗ്രാമപഞ്ചായത്ത് നൽകിയ യൂണിഫോം ധരിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികളെല്ലാം എത്തിയത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജൂലിയറ്റ് നെൽസൺ മികവുത്സവം ഉദ്ഘാടനം ചെയ്‌തു.
പടിഞ്ഞാറേ കല്ലട കാക്കത്തോപ്പ് പട്ടികജാതി കോളനിയിലെ 90 വയസുകാരി ലക്ഷ്‌മിയാണ് മികവുത്സവത്തിൽ പങ്കെടുത്ത മുതിർന്ന പഠിതാവ്. ഇതേ കോളനിയിലെ 24കാരൻ വിനോയിയാണ് ഏറ്റവും പ്രായംകുറഞ്ഞയാൾ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.