കൊല്ലം: തൊഴിൽ അന്വേഷകരായ യുവാക്കൾക്ക് അവസരങ്ങൾ ഉറപ്പാക്കാൻ തൊഴിൽ മേളകളും പരിശീലനങ്ങളും സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തിലെ വികസന പദ്ധതിയായ ഇടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല മൊബിലൈസേഷനും തൊഴിൽമേളയും ഇളമ്പള്ളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി ചേർന്ന് 9 മാസം ദൈർഘ്യമുള്ള പരിശീലനം നടപ്പിലാക്കുന്നത് പരിഗണനയിലാണ്. തൊഴിൽ മേളകളിലൂടെ നേരിട്ട് തൊഴിലവസരങ്ങൾ ഒരുക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എ.ജി. സന്തോഷ്, ജില്ലാ പഞ്ചായത്തംഗം സി.പി. പ്രദീപ്, പഞ്ചായത്തംഗം റജീല ലത്തീഫ്, ഇടം നോഡൽ ഓഫീസർ വി. സുദേശൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ 18 തൊഴിൽ പരിശീലന ഏജൻസികളും 930 ഉദ്യോഗാർഥികളും പങ്കെടുത്ത മേളയിൽ 300 പേരെ ജോലിക്കുള്ള ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുത്തു.