നിർമ്മാണം പൂർത്തിയായിട്ട് രണ്ട് വർഷം
നിർമ്മാണ ചെലവ്: 65 ലക്ഷം
കൊല്ലം:ഇലക്ട്രിക് ക്രിമറ്റോറിയവും ഗ്യാസ് ക്രിമറ്റോറിയങ്ങളും പരാജയപ്പെട്ടതോടെയാണ് നഗരസഭ പോളയത്തോട് ശ്മശാനത്തിൽ കോൺക്രീറ്റ് ക്രിമറ്റോറിയം സ്ഥാപിച്ചത്. നിർമ്മാണം പൂർത്തിയായി രണ്ട് വർഷം കഴിഞ്ഞിട്ടും ഇത് പ്രവർത്തിപ്പിക്കാൻ നഗരസഭ തയ്യാറായിട്ടില്ല. മൃതദേഹങ്ങളുമായി നഗരവാസികൾ മണിക്കൂറുകൾ കാത്തിരിക്കുമ്പോൾ കോൺക്രീറ്റ് ക്രിമറ്റോറിയത്തിൽ അവശേഷിക്കുന്ന നിസാര പ്രവൃത്തികൾ നഗരസഭ അനന്തമായി നീട്ടുകയാണ്.
2017 ഡിസംബറിലാണ് 65 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ക്രിമറ്റോറിയത്തിന്റെ കെട്ടിടം പൂർത്തിയായത്. വൈദ്യുതീകരണം അടക്കം പിന്നീടുള്ള പ്രവൃത്തികൾ അനന്തമായി വൈകിപ്പിക്കുകയായിരുന്നു. ഒരേ സമയം നാല് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്. ഗ്രിൽ കൊണ്ടുള്ള ചൂളയായതിനാൽ മൂന്ന് മണിക്കൂറിനുള്ളിൽ ദഹനം പൂർത്തിയാകുമെന്നാണ് അവകാശവാദം. തൊട്ടുപിന്നാലെ അസ്ഥിയെടുക്കാം. അതിന് ശേഷം അതേ ചൂളയിൽ തന്നെ അടുത്ത മൃതദേഹം സംസ്കരിക്കാം. ഇപ്പോൾ താത്കാലിക ഷെഡിൽ നിലത്താണ് ദഹിപ്പിക്കൽ. ഇവിടത്തെ ചൂള തണുത്ത് അഞ്ച് ദിവസം കഴിഞ്ഞേ അസ്ഥിയെടുക്കാനാകൂ. അത് കഴിഞ്ഞേ അതേ സ്ഥലത്ത് പുതിയ മൃതദേഹം സംസ്കരിക്കാനാകൂ.
പുതിയ ക്രിമിറ്റോറിയത്തിൽ നിന്ന് മൂന്ന് മണിക്കൂറിനുള്ളിൽ അസ്ഥി ലഭിക്കുമെന്ന വാഗ്ദാനം നടപ്പാക്കുമോയെന്ന് സംശയമുണ്ട്. ദഹനത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഗ്രിൽ തണുക്കാൻ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് ആശങ്ക.
5 ലക്ഷം രൂപ ചെലവിൽ കൊതുക് വളർത്തൽ
അഞ്ച് ലക്ഷം രൂപ ചെലവിൽ ശ്മശാനം വളപ്പിൽ നിർമ്മിച്ച കുളം കൊതുക് വളർത്തൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾക്കിടെ ജലാശയത്തെ വലം വയ്ക്കണമെന്ന് ചിലർക്ക് വിശ്വാസമുണ്ട്. ഇതിന് വേണ്ടി കൂടിയാണ് കുളം നിർമ്മിച്ചത്. ചുറ്റും തറയോടുകൾ പാകിയിട്ടുണ്ടെങ്കിലും പൂർണമായും കാടുമൂടിയിരിക്കുകയാണ്. ഇഴജന്തുക്കളെ ഭയന്ന് ആരും ഈ ഭാഗത്തേക്ക് അടുക്കാറില്ല. സംസ്കാര ചടങ്ങുകൾക്ക് എത്തുന്നവർക്ക് വിശ്രമിക്കാൻ കുളത്തിന് ചുറ്റും ഇരിപ്പിടങ്ങളും ഉദ്യാനവും ലക്ഷ്യമിട്ടിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല.