07
തകര്‍ന്നുകൊണ്ടിരിക്കുന്ന കരുകോണ്‍ പുല്ലാഞ്ഞിയോട് പാലം

ഏരൂർ: അമ്പത് വർഷത്തിലധികം പഴക്കമുള്ള കരുകോൺ പുല്ലാഞ്ഞിയോട് പാലവും റോഡും പുതുക്കിപ്പണിയുന്നു. അപകടാവസ്ഥയിലായി അടിഭാഗം അടർന്നുവീണുകൊണ്ടിരുന്ന പാലത്തിന്റെയും കുണ്ടുംകുഴിയുമായ റോഡിന്റെയും ശോച്യാവസ്ഥയെക്കുറിച്ച് നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്‌കൂൾ ബസുകളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലം പുതുക്കിപ്പണിയുന്നതിനുള്ള പ്രാരംഭ നടപടികൾ ആറ് മാസം മുമ്പ് ആരംഭിച്ചിരുന്നു. എന്നാൽ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള താത്കാലിക സംവിധാനം ഇല്ലാതെ പാലം പൊളിക്കുന്നത് ഒരു വിഭാഗം ആളുകൾ എതിർത്തു. പിന്നീട് താത്കാലിക റോഡ് നിർമ്മിക്കുന്നതിനുള്ള ക്രമീകരണം നാട്ടുകാർ തന്നെ ഏർപ്പെടുത്തി. പക്ഷേ പണി ആരംഭിച്ചിരുന്നില്ല. നിലവിലുള്ള റോഡ് കാൽനട യാത്രപോലും നടത്താൻ കഴിയാത്ത വിധം തകർന്നിരുന്നു. മഴക്കാലമായാൽ റോഡിൽ വെള്ളം കെട്ടിനിൽക്കും. ഇപ്പോൾ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് കാഞ്ഞിരത്തുംമൂട് മുതൽ കരുകോൺ വരെയുള്ള റോഡ് പണി ആരംഭിച്ചിട്ടുണ്ട്. പുല്ലാഞ്ഞിയോടിന് പുറമേ മണലുവട്ടം, ആലുംമൂട് പാലങ്ങളും പുതുക്കിപ്പണിയാൻ നടപടിയായി. 20 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. പണിയുടെ ആദ്യഘട്ടമായി റോഡിൽ മെറ്റൽ ഉറപ്പിച്ചുകഴിഞ്ഞു. മുല്ലക്കര രത്‌നാകരൻ എം.എൽ.എയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് റോഡിന്റെയും പാലങ്ങളുടെയും പണിക്ക് നടപടിയായതെന്ന് പൊതുപ്രവർത്തകനായ എസ്.കെ. നിഷാദ് പറഞ്ഞു.