പുത്തൂർ: കല്ലടയാറ്റിലെ അനധികൃത മണൽവാരലിനെതിരെ പൊലീസ് നടപടികൾ തുടരുന്നു. പുത്തൂർ എസ്.ഐ. അർ.രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മടത്തിനപ്പുഴ കടവിന് സമീപത്തു നിന്ന് മണൽവാരൽ വള്ളങ്ങൾ പിടിച്ചെടുത്തു. പരിശോധനകൾ ശക്തമായതോടെ മണൽ വാരലുകാർ വള്ളങ്ങൾ വെള്ളത്തിൽ മുക്കി താഴ്ത്തുകയോ ദൂരെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയോ ചെയ്യും. കടത്തുവള്ളത്തിന്റെ സഹായത്തോടെ കുളക്കടയിൽ മടത്തിനിപ്പുഴയ്ക്ക് മറുകരയിൽ മൂന്ന് കിലോമീറ്റർ ദൂരത്തു നിന്നാണ് വള്ളങ്ങൾ പിടിച്ചെടുത്ത്. പവിത്രേശ്വരം ,കുന്നത്തൂർ ,കുളക്കട പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ വൻതോതിൽ മണലൂറ്റ് നടക്കുന്നുണ്ടെന്നപരാതി വ്യാപകമായിരുന്നു.ഇതിനെത്തുടർന്ന് റൂറൽ എസ്. പി. ബി അശോകന്റെയും ഡിവൈ.എസ്.പി .പി അശോകന്റെയും നിർദ്ദേശപ്രകാരം കൊല്ലത്തുനിന്ന് സ്പീഡ് ബോട്ട് എത്തിച്ച് പുത്തൂർ , ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഗ്രേഡ് എസ്.ഐ ബാലകൃഷ്ണപിള്ള ,എസ് സി.പി.ഒ.മാരായ മധു ഒ.പി സുരേന്ദ്രൻപിള്ള, ജയചന്ദ്രൻ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.